ഷാർജ : ഡൽഹിക്കെതിരായ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ബാറ്റിങ് തകർച്ച. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 129 റണ്‍സേ നേടാനായുള്ളു. 26 പന്തിൽ രണ്ട് വീതം സിക്‌സിന്‍റെയും ഫോറിന്‍റെയും അകമ്പടിയോടെ 33 റണ്‍സ് നേടിയ സൂര്യകുമാർ യാദവിന് മാത്രമാണ് മുംബൈ നിരയിൽ അൽപ്പനേരമെങ്കിലും പിടിച്ചുനിൽക്കാനായത്.
രണ്ടാം ഓവറിൽ തന്നെ ക്യാപ്‌റ്റൻ രോഹിത് ശർമയുടെ വിക്കറ്റ് വീഴ്‌ത്തി ആവേശ് ഖാൻ ആണ് മുംബൈയെ ആദ്യം ഞെട്ടിച്ചത്. ഏഴ് റണ്‍സെടുത്ത താരം റബാഡക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. പിന്നാലെ വന്ന ഡി കോക്ക് വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിക്കാൻ ശ്രമിച്ചെങ്കിലും ടീം സ്കോർ 37 ൽ വച്ച് 19 റണ്‍സ് നേടിയ താരത്തെ അക്‌സർ പട്ടേൽ മടക്കി അയച്ചു.
വിക്കറ്റുകൾ വീഴുമ്പോഴും ഒരു വശത്ത് പിടിച്ചുനിൽക്കുകയായിരുന്ന സൂര്യകുമാറിനെയും മടക്കി അക്‌സർ പട്ടേൽ മുംബൈക്ക് വീണ്ടും തിരിച്ചടി നൽകി. പിന്നാലെ 15 റണ്‍സ് നേടിയ സൗരഭ് തിവാരിയേയും അക്‌സർ തന്നെ മടക്കി അയച്ചു. പിന്നാലെയെത്തിയ കീറോണ്‍ പൊള്ളാർഡിനും അധിക ആയുസ് ഉണ്ടായിരുന്നില്ല. ആറ് റണ്‍സെടുത്ത താരത്തെ ആന്റിച്ച് നോര്‍ക്കിയ ബൗൾഡാക്കി.