ഷാർജ : ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് വിജയം. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ചെറിയ ടോട്ടൽ പിന്തുടർന്നിറങ്ങിയ ഡൽഹിയെ കുറച്ചധികം വെള്ളം കുടിപ്പിച്ചശേഷമാണ് മുംബൈ തോൽവി വഴങ്ങിയത്. ക്ഷമാപൂർവം ബാറ്റ് വീശിയ ശ്രേയസ് അയ്യരും അശ്വിനും ചേർന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
വിജയത്തോടെ ഡൽഹി പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു. മുംബൈക്കായി ക്രുനാല്‍ പാണ്ഡ്യ, നഥാന്‍ കോര്‍ട്ടര്‍ നീല്‍, ജയന്ത് യാദവ്, ട്രെന്‍റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ആദ്യ രണ്ടോവറിൽ തന്നെ ഓപ്പണർമാരെ കൂടാരം കയറ്റി ഡൽഹിയെ ഞെട്ടിച്ചുകൊണ്ടാണ് മുംബൈ തുടങ്ങിയത്. ആറ് റണ്‍സെടുത്ത പൃഥ്വി ഷായെ ക്രുനാൽ പാണ്ഡ്യ എൽബിയിൽ കുരുക്കിയപ്പോൾ എട്ട് റണ്‍സ് നേടിയ ശിഖർ ധവാനെ പൊള്ളാർഡ് റണ്‍ ഔട്ട് ആക്കുകയായിരുന്നു. പിന്നാലെ ഇറങ്ങിയ സ്റ്റീവ് സ്മിത്തിനെ (9റണ്‍സ്) നഥാന്‍ കോര്‍ട്ടര്‍ നീല്‍ ബൗൾഡാക്കി.
തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ടീമിനെ ക്യാപ്റ്റൻ റിഷഭ് പന്തും, ശ്രേയസ് അയ്യരും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് ശ്രദ്ധാപൂർവം സ്കോർ ഉയർത്തിയെങ്കിലും ടീം സ്കോർ 57 ൽ വച്ച് റിഷഭ് പന്തിനെ ജയന്ത് യാദവ് പുറത്താക്കി. 22 പന്തിൽ 26 റണ്‍സെടുത്ത താരം ഹാർദ്ദിക് പാണ്ഡ്യക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.