അബുദാബി : ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് തോൽവി. ഡൽഹിയുടെ 155 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 121 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ക്യാപ്റ്റൻ സഞ്ജു സാംസന്‍റെ ഒറ്റയാൾ പോരാട്ടമാണ് ടീമിനെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.
സഞ്ജു 53 പന്തിൽ എട്ട് ഫോറിന്‍റെയും ഒരു സിക്‌സിന്‍റെയും അകമ്പടിയോടെ 70 റണ്‍സുമായി പുറത്താകാതെ നിന്നു. വിജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുമായി ഡൽഹി ഒന്നാം സ്ഥാനത്തെത്തി. രാജസ്ഥാൻ നിരയിൽ സഞ്ജുവിനും മഹിപാൽ ലാംറോറിനും മാത്രമാണ് രണ്ടക്കം കടക്കാനായത്. ഡൽഹിക്കായി ആൻറിച് നോർട്യജ് രണ്ട് വിക്കറ്റ് നേടിയപ്പോൾ അക്ഷർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, കഗീസോ റബാദ, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
154 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി ലിയാം ലിവിങ്സ്റ്റണും യശസ്വി ജയ്‌സ്വാളുമാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ആദ്യ ഓവറില്‍ തന്നെ ലിവിങ്‌സ്റ്റണിനെ മടക്കി ആവേശ്ഖാന്‍ ഡല്‍ഹിയ്ക്ക് സ്വപ്‌നസമാനമായ തുടക്കം സമ്മാനിച്ചു. വെറും ഒരു റണ്‍സെടുത്ത താരത്തെ ഋഷഭ് പന്ത് ക്യാച്ചെടുത്ത് പുറത്താക്കി.
തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ അഞ്ച് റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളിനെ ആൻറിച്ച് നോര്‍ക്കേ ഋഷഭ് പന്തിന്‍റെ കൈയ്യിലെത്തിച്ചു. ഇതോടെ രാജസ്ഥാന്‍ 1.1 ഓവറില്‍ ആറിന് രണ്ട് വിക്കറ്റ് എന്ന അവസ്ഥയിലായി.