ഷാർജ : സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ബൗളിങ് തെരഞ്ഞെടുത്തു. ഹൈദരാബാദ് കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയപ്പോൾ ചെന്നൈ നിരയിൽ സാം കറന് പകരം ഡ്വയ്‌ൻ ബ്രാവോയെ ഉൾപ്പെടുത്തി.
പ്ലേ ഓഫ് ഉറപ്പിച്ച ചെന്നൈ ഇന്ന് സമ്മർദങ്ങൾ ഏതുമില്ലാതെയാണ് മത്സരത്തിനിറങ്ങുന്നത്. മറുവശത്ത് അവസാന സ്ഥാനത്തുള്ള ഹൈദരാബാദ് ആശ്വാസ ജയത്തിനായാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ആദ്യ പാദത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം ചെന്നൈക്കൊപ്പമായിരുന്നു.
10 മത്സരങ്ങളിൽ നിന്ന് എട്ട് വിജയം ഉൾപ്പെടെ 16 പോയിന്‍റാണ് ചെന്നൈക്കുള്ളത്. അവസാന സ്ഥാനത്തുള്ള ഹൈദരാബാദിന് 10 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം മാത്രമാണ് സ്വന്തമായിട്ടുള്ളത്. ഇതുവരെ 15 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 11 മത്സരങ്ങളിലും വിജയം ചെന്നൈക്കൊപ്പമായിരുന്നു.
ബാറ്റിങ് നിരയാണ് ചെന്നൈയുടെ കരുത്ത്. ബൗളിങ് നിരയും മോശമല്ലാത്ത പ്രകടനം നടത്തുന്നുണ്ട്. ക്യാപ്‌റ്റൻ എം.എസ് ധോണിയും, സുരേഷ് റെയ്‌നയും ഒഴിച്ചുള്ള മറ്റ് ബാറ്റർമാർ എല്ലാം മികച്ച ഫോമിലാണ്. ഓപ്പണർമാരാണ് ചെന്നൈയുടെ പ്രധാന ശക്തി.
തുടക്കത്തിലേ വിക്കറ്റ് നഷ്‌ടമായാലും സാഹചര്യം മനസിലാക്കി ബാറ്റ് വീശി മത്സരം വിജയിപ്പിക്കാൻ ബൗളർമാർക്ക് പോലും കഴിയും എന്നതാണ് ചെന്നൈയുടെ പ്രധാന ശക്തി.