അബുദാബി :ഓപ്പണർമാർ വെടിക്കെട്ട് പ്രകടനവുമായി മുന്നേറിയ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം. അവസാന പന്തുവരെ നീണ്ട ആവേശകരമായ മത്സരത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ വിജയം നേടിയത്. ഇതോടെ പോയിന്‍റ് പട്ടികയിൽ, പത്ത് മത്സരങ്ങളിൽ നിന്നും 16 പോയിന്‍റോടെ ചെന്നൈ ഒന്നാമതെത്തി.
കൊൽക്കത്തയുടെ 172 റണ്‍സ് എന്ന വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈ അവസാന ഓവറുകളിൽ തകർത്തടിച്ച രവീന്ദ്ര ജഡേജയുടേയും ഓപ്പണർമാരായ ഋതുരാജ് ഗെയ്‌ക്ക്‌വാദിന്‍റെയും, ഫാഫ് ഡൂപ്ലസിസിന്‍റെയും മികവിലാണ് വിജയം കൊയ്‌തത്.
അവസാന പന്തുവരെ ആകാംക്ഷ
അവസാന രണ്ട് ഓവറുകളിൽ ചെന്നൈക്ക് വിജയിക്കാൻ 26 റണ്‍സ് വേണമായിരുന്നു. എന്നാൽ 18-ാം ഓവർ എറിയാനെത്തിയ പ്രസിധ് കൃഷ്‌ണക്കെതിരെ രണ്ട് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 22 റണ്‍സാണ് ജഡേജ നേടിയത്. ഇതോടെ മത്സരം ചെന്നൈയുടെ കൈകളിലായി.
അവസാന ഓവറിൽ ചെന്നൈക്ക് ജയിക്കാൻ വേണ്ടത് നാല് റണ്‍സ്. പന്തെറിയാനെത്തിയത് സുനിൽ നരെയ്‌ൻ. ആദ്യ പന്തിൽ തന്നെ സാം കറൻ വിക്കറ്റായി. രണ്ടാമത്തെ പന്ത് ഡോട്ട് ബോൾ. മൂന്നാം പന്തിൽ ശാര്‍ദ്ദുല്‍ താക്കൂര്‍ മൂന്ന് റണ്‍സ് നേടി. ജയിക്കാൻ മൂന്ന് പന്തിൽ ഒരു റണ്‍സ്. നാലാം പന്തും ഡോട്ട്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് രവീന്ദ്ര ജഡേജയെ നരെയ്‌ൻ എൽബിയിൽ കുരുക്കി. എന്നാൽ അവസാന പന്തിൽ വിജയിക്കാൻ വേണ്ട ഒരു റണ്‍സ് നേടി ദീപക് ചഹാർ ചെന്നൈയെ വിജയത്തിലെത്തിച്ചു.
തകർത്തടിച്ച് ഓപ്പണർമാർ
172 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈക്കായി 28 പന്തിൽ മൂന്ന് സിക്‌സിന്‍റെയും രണ്ട് ഫോറിന്‍റെയും അകമ്പടിയോടെ 40 റണ്‍സ് നേടിയ ഗെയ്‌ക്ക്‌വാദും 30 പന്തിൽ 7 ഫോറിന്‍റെ അകമ്പടിയോടെ 43 റണ്‍സ് നേടിയ ഡൂപ്ലസിസും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 74 റണ്‍സിന്‍റെ മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
ഋതുരാജിന്‍റെ വിക്കറ്റെടുത്ത് ആന്ദ്രേ റസലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ മൊയീൻ അലിയും തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞു. ടീം സ്കോർ 102 ൽ വച്ച് ഡൂപ്ലസിസിനെ ചെന്നൈക്ക് നഷ്ടമായി. പ്രസിധ് കൃഷ്ണയുടെ പന്തിൽ വെങ്കിടേഷ് അയ്യർക്ക് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.
തൊട്ടുപിന്നാലെ 10 റണ്‍സെടുത്ത അമ്പാട്ടി റായ്ഡുവിനെ സുനില്‍ നരെയ്ന്‍ ക്ലീൻ ബൗൾഡാക്കി. സ്കോർ 138 ൽ നിൽക്കെ മൊയിൻ അലിയെ ഫെർഗൂസണ്‍ പുറത്താക്കി. വൈകാതെ സുരേഷ് റെയ്‌ന റണ്‍ഔട്ട് ആയി. പിന്നാലെ ക്യാപ്‌റ്റൻ ധോണി വരുണ്‍ ചക്രവർത്തിയുടെ പന്തിൽ ക്ലീൻ ബൗൾഡായി.
ശേഷമാണ് രവീന്ദ്ര ജഡേജയുടെ വെടിക്കെട്ടിന് അബുദാബി സാക്ഷ്യം വഹിച്ചത്. അവസാന ഓവറിൽ സാം കറനെ സുനിൽ നരെയ്‌ൻ പുറത്താക്കി. തൊട്ടുപിന്നാലെ ചെന്നൈയെ വിജയതീരത്തേക്ക് അടുപ്പിച്ച് ജഡേജയും (8 പന്തിൽ 22 റണ്‍സ്) പുറത്തായി. കൊൽക്കത്തക്കായി സുനിൽ നരെയ്‌ൻ മൂന്നും , പ്രസിധ് കൃഷ്ണ, ലോക്കി ഫെര്‍ഗൂസണ്‍, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രേ റസല്‍ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.
ALSO READ :IPL 2021 : കോലിയും രോഹിത്തും നേർക്കുനേർ, ടോസ് നേടിയ മുംബൈ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയച്ചു
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത കൊൽക്കത്ത രാഹുൽ ത്രിപാഠിയുടെയും അവസാന ഓവറുകളിൽ ആഞ്ഞടിച്ച നിതീഷ് റാണയുടേയും ദിനേശ് കാർത്തിക്കിന്‍റെയും ബാറ്റിങ് മികവിലാണ് മികച്ച സ്കോറിലേക്ക് എത്തിയത്.