മുംബൈ: ഐ.പി.എല്‍ 14-ാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തകര്‍പ്പന്‍ ജയവുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. അര്‍ധ സെഞ്ചുറി നേടിയ പൃഥ്വി ഷായും ശിഖര്‍ ധവാനുമാണ് ഡല്‍ഹിയുടെ വിജയശിൽപികൾ. ഇതോടെ ക്യാപ്റ്റനായുള്ള റിഷഭ് പന്തിന്‍റെ അരങ്ങേറ്റം ജയത്തോടെയായി. ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു.
വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ധവാനും ഷായും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 13.3 ഓവറില്‍ 138 റണ്‍സ് അടിച്ചെടുത്തു. പൃഥ്വി ഷാ 38 പന്തില്‍ നിന്ന് മൂന്നു സിക്‌സും ഒമ്പത് ഫോറുമടക്കം 72 റണ്‍സെടുത്തു. ധവാൻ 54 പന്തിൽ നിന്ന് രണ്ടു സിക്‌സറും പത്ത് ഫോറുമടക്കം 85 റൺസെടുത്തു. പൃഥ്വിയെ പുറത്താക്കി ഡ്വെയ്ന്‍ ബ്രാവോയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മാര്‍ക്കസ് സ്റ്റോയ്‌നിസ് 14 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ റിഷഭ് പന്ത് 15 റണ്‍സോടെ പുറത്താകാതെ നിന്നു. ശിഖർ ധവനാണ് കളിയിലെ താരം.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തിരുന്നു. 36 പന്തില്‍ നിന്ന് നാലു സിക്‌സും മൂന്നു ഫോറുമടക്കം 54 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. അഞ്ചാമനായി ഇറങ്ങി 16 പന്തില്‍ നിന്നും 23 റണ്‍സെടുത്ത അമ്പാട്ടി റായിഡു റെയ്‌നക്ക് ശക്തമായ പിന്തുണ നല്‍കി. രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു അമ്പാട്ടിയുടെ ഇന്നിങ്‌സ്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 63 റണ്‍സാണ് സ്‌കോര്‍ ബോർഡില്‍ ചേര്‍ത്തത്.
കൂടുതൽ വായനയ്‌ക്ക് :150 ഐപിഎല്ലുകളുമായി രഹാനെ; ഡല്‍ഹിക്കായി സെഞ്ച്വറി തികച്ച് അമിത് മിശ്ര