അബുദാബി : ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 172 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത രാഹുൽ ത്രിപാഠിയുടെ ബാറ്റിങ് മികവിലാണ് മികച്ച സ്കോറിലേക്ക് എത്തിയത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച നിതീഷ് റാണയും ദിനേശ് കാർത്തിക്കും ടീമിന്‍റെ സ്കോർബോർഡ് ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.
ഓപ്പണർമാരായ ശുഭ്‌മാന്‍ ഗില്ലിനെയും ( 9 റണ്‍സ്), വെങ്കടേഷ് അയ്യരെയും (18 റണ്‍സ്) തുടക്കത്തിലേ നഷ്ടമായെങ്കിലും ശ്രദ്ധയോടെ ബാറ്റ് വീശിയ രാഹുൽ ത്രിപാഠിയാണ് ടീമിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഗില്ലിനെ റായ്‌ഡു റണ്‍ ഔട്ട് ആക്കിയപ്പോൾ വെങ്കിടേഷ് അയ്യരെ ശാര്‍ദ്ദുല്‍ താക്കൂര്‍ ധോണിയുടെ കൈകളിലെത്തിക്കുകയായിരുന്നു.
തുടർന്നിറങ്ങിയ ക്യാപ്‌റ്റൻ ഇയാൻ മോർഗൻ (8 റണ്‍സ്) നിലയുറപ്പിക്കുന്നതിന് മുന്നേ പുറത്തായി. തുടർന്ന് റസ്സലും ത്രിപാഠിയും ചേർന്ന് സ്കോർ ഉയർത്തി. ടീം സ്കോർ 89 ൽ വെച്ച് ത്രിപാഠിയെ രവീന്ദ്ര ജഡേജ ബൗൾഡാക്കി. തുടർന്ന് വമ്പൻ അടികളുമായി റസൽ (20 റണ്‍സ്) തുടർന്നെങ്കിലും ടീം സ്കോർ 125 ൽ വെച്ച് ശാർദ്ദുൽ താക്കൂർ ബൗൾഡാക്കി.
ALSO READ :IPL 2021 : ഇന്ന് കടുത്ത പോരാട്ടങ്ങൾ, ചെന്നൈ കൊൽക്കത്തയെയും, മുംബൈ ബാംഗ്ലൂരിനെയും നേരിടും
അവസാന ഓവറുകളിൽ നിതീഷ് റാണയും ദിനേശ് കാർത്തിക്കും വമ്പൻ അടികളുമായി കളം നിറഞ്ഞു. ദിനേശ് കാർത്തിക് 11 പന്തുകളിൽ നിന്ന് 26 റണ്‍സുമായി പുറത്തായപ്പോൾ നിതീഷ് റാണ 26 പന്തുകളിൽ നിന്ന് 37 റണ്‍സുമായി പുറത്താകാതെ നിന്നു. ചെന്നൈക്കായി ശാര്‍ദ്ദുല്‍ താക്കൂര്‍, ജോഷ് ഹേസല്‍വുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് വീഴ്‌ത്തി.