ദുബായ് : ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബൗളിങ് തെരഞ്ഞെടുത്തു. ഇരുവരും കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് ഇന്നും കളത്തിലിറങ്ങുന്നത്.
പ്ലേ ഓഫ് ഉറപ്പിച്ചതിനാൽ ഇരു ടീമുകളും ഇന്ന് സമ്മർദമില്ലാതെയാകും ബാറ്റ് വീശുക. കരുത്തരായ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തെറിഞ്ഞാണ് ഡൽഹി ഇന്നത്തെ മത്സരത്തിനെത്തുന്നതെങ്കിൽ ദുർബലരായ സണ്‍റൈസേഴ്‌സിനോട് തോൽവി വഴങ്ങിയാണ് ബാംഗ്ലൂർ എത്തുന്നത്.
13 മത്സരങ്ങളിൽ നിന്ന് 10 വിജയം ഉൾപ്പെടെ 20 പോയിന്‍റുമായി ഡൽഹി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 13 മത്സരങ്ങളിൽ നിന്ന് 8 വിജയത്തോടെ 16 പോയിന്‍റുള്ള ബാംഗ്ലൂർ പട്ടികയിൽ മൂന്നാം സ്ഥാനത്തും. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാലും റണ്‍റേറ്റ് കുറവായതിനാൽ ബാംഗ്ലൂരിന് ചെന്നൈയെ മറികടക്കാൻ സാധിക്കില്ല.
ആദ്യ പാദത്തിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ബാംഗ്ലൂരിനൊപ്പമായിരുന്നു. ഇതുവരെ പരസ്‌പരം ഇരുവരും 27 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 16 എണ്ണത്തില്‍ ബാംഗ്ലൂരും 10 മത്സരങ്ങളിൽ ഡൽഹിയും വിജയിച്ചു.
പ്ലേയിങ് ഇലവൻ
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ : വിരാട് കോലി (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഷഹബാസ് അഹമ്മദ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, ജോര്‍ജ് ഗാര്‍ട്ട്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍.
ഡല്‍ഹി ക്യാപ്പിറ്റല്‍സ് : പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കാഗിസോ റബാഡ, ആൻറിച്ച് നോര്‍ക്കിയ, ആവേശ് ഖാന്‍.