ഷാർജ : പഞ്ചാബിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്ഥാനത്താക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വിജയം. ബാംഗ്ലൂരിന്‍റെ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. വിജയത്തോടെ ബാംഗ്ലൂർ പ്ലേ ഓഫിൽ പ്രവേശിച്ചു. കൊൽക്കത്തക്കായി യുസ്‌വേന്ദ്ര ചഹാൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ജോർജ് ഗാർട്ടണ്‍, ഷഹബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
മികച്ച ഓപ്പണിങ് ലഭിച്ചിട്ടും പിന്നീട് വന്ന ബാറ്റർമാക്ക് അത് മുതലാക്കാൻ സാധിക്കാതെ പോയതാണ് പഞ്ചാബിന്‍റെ തോൽവിക്ക് കാരണം. ഒരു ഘട്ടത്തിൽ അനായാസ ജയത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന പഞ്ചാബിനെ ബാംഗ്ലൂർ ബൗളർമാർ മുറുക്കുകയായിരുന്നു.
ഓപ്പണർമാരായ കെ.എൽ രാഹുലും (35 പന്തിൽ 39), മായങ്ക് അഗർവാളും (42 പന്തിൽ 57) ചേർന്ന് 91 റണ്‍സിന്‍റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടാണ് നൽകിയത്. രണ്ട് സിക്‌സും ആറ് ഫോറും ഉൾപ്പടെ തകർത്തടിക്കുകയായിരുന്ന കെഎൽ രാഹുലിനെയാണ് പഞ്ചാബിന് ആദ്യം നഷ്‌ടമായത്. പിന്നാലെ ഇറങ്ങിയ നിക്കോളാസ് പുരാനും നിലയുറപ്പിക്കും മുന്നേ മടങ്ങി. 3 റണ്‍സെടുത്ത താരത്തെ യുസ്‌വേന്ദ്ര ചഹാൽ പുറത്താക്കുകയായിരുന്നു.
തുടർന്ന് എയ്‌ഡന്‍ മര്‍ക്രാമും മായങ്ക് അഗർവാളും ചേർന്ന് ടീം സ്കോർ 100 കടത്തി. പിന്നാലെ മികച്ച രീതിയിൽ കളിക്കുകയായിരുന്ന മായങ്ക് അഗർവാളിനെ പഞ്ചാബിന് നഷ്ടമായി. തുടർന്നങ്ങോട്ട് പഞ്ചാബിന്‍റെ തകർച്ചയായിരുന്നു. അഗർവാളിന് പിന്നാലെ അതേ ഓവറിലെ അവസാന പന്തിൽ സർഫറാസ് ഖാനെ ചാഹൽ സംപൂജ്യനാക്കി മടക്കി.
തൊട്ടടുത്ത ഓവറിൽ തന്നെ എയ്‌ഡന്‍ മര്‍ക്രാത്തിനേയും(14 പന്തിൽ 20) ജോർജ് ഗാർട്ടണ്‍ ഡാൻ ക്രിസ്റ്റ്യന്‍റെ കൈകളിലെത്തിച്ചു. ഇതോടെ പഞ്ചാബ് തോൽവി മണത്തു. തുടർന്ന് ഷാറൂഖ് ഖാനും ഹെന്റിക്വെസും കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ സാധിച്ചില്ല. അവസാന ഓവറിൽ 16 റണ്‍സെടുത്ത ഷാറൂഖ് ഖാൻ റണ്‍ ഔട്ടായി. ഹെന്റിക്വെസ് 12 റണ്‍സുമായും ഹർപ്രീത് ബ്രാർ മൂന്ന് റണ്‍സുമായും പുറത്താകാതെ നിന്നു.
ALSO READ :IPL 2021 : കൊൽക്കത്തക്ക് ഇന്ന് വിജയിച്ചേ തീരൂ,സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ്ങ്
ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂർ അർധ സെഞ്ച്വറി നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെയും ദേവ്ദത്ത് പടിക്കലിന്‍റെയും മികവിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 164 റണ്‍സിലേക്ക് എത്തിയത്. ക്യാപ്റ്റൻ വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും ഇവർക്ക് മികച്ച പിന്തുണ നൽകി.