ദുബായ് :ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പഞ്ചാബ് കിങ്സിനെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.
പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ബാംഗ്ലൂർ വിജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങുമ്പോൾ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള പഞ്ചാബിന് ആദ്യ നാലിൽ കടക്കാൻ ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്.
11 മത്സരത്തിൽ നിന്ന് 14 പോയിന്‍റുള്ള ബാംഗ്ലൂരിന് ഇന്നത്തെ മത്സരം വിജയിച്ചാൽ 16 പോയിന്‍റുമായി പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിക്കും. മറുവശത്ത് 12 മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുള്ള പഞ്ചാബിന് നാലാം സ്ഥാനത്തേക്ക് കടക്കണമെങ്കിൽ ഇന്ന് വിജയം അനിവാര്യമാണ്.
നാല് മുതൽ ഏഴ് വരെ സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് എല്ലാം 10 പോയിന്‍റ് വീതം ഉള്ളതിനാൽ ഇനിയുള്ള ഓരോ മത്സരങ്ങളും അവർക്ക് നിർണായകമാണ്. ഇന്ന് പഞ്ചാബ് പരാജയപ്പെട്ടാൽ കൊൽക്കത്ത, രാജസ്ഥാൻ, മുംബൈ എന്നീ ടീമുകളുടെ സാധ്യത വർധിക്കും.
ആദ്യ പാദത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം പഞ്ചാബിനൊപ്പമായിരുന്നു. നേര്‍ക്കുനേര്‍ മത്സരങ്ങളില്‍ പഞ്ചാബിന് നേരിയ മുന്‍തൂക്കമുണ്ട്. 27 മത്സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പഞ്ചാബ് 15 മത്സരങ്ങള്‍ ജയിച്ചു. ഇന്ത്യക്ക് പുറത്ത് അഞ്ച് മത്സരങ്ങളില്‍ ഇരുവരും മുഖാമുഖം വന്നു. ഒന്നില്‍ മാത്രമാണ് ആര്‍സിബി ജയിച്ചത്. നാല് മത്സരങ്ങള്‍ പഞ്ചാബ് സ്വന്തമാക്കി.
രണ്ടാമത്തെ മത്സരത്തിൽ നിലവിൽ നാലാം സ്ഥാനത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും അവസാന സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് മത്സരം. ഇന്നത്തെ മത്സരം വിജയിച്ച് നാലാം സ്ഥാനം ഉറപ്പിക്കാനാണ് കൊൽക്കത്തയുടെ ശ്രമം. മറുവശത്ത് സാധ്യതകൾ അവസാനിച്ച ഹൈദരാബാദ് ആശ്വാസ ജയത്തിനായാകും പൊരുതുക.
ഇന്ന് കൊൽക്കത്ത തോറ്റ് പഞ്ചാബ് ജയിക്കുകയാണെങ്കിൽ കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേൽക്കും. നേരെ തിരിച്ചാണ് സംഭവിക്കുന്നതെങ്കിൽ 12 പോയിന്‍റുമായി നാലാം സ്ഥാനത്ത് തന്നെ തുടരാൻ സാധിക്കും. രണ്ടാം പാദത്തിൽ അവിശ്വസനീയ കുതിപ്പ് നടത്തുന്ന കൊൽക്കത്തക്ക് ക്യാപ്‌റ്റൻ മോർഗന്‍റെ ഫോമാണ് തിരിച്ചടിയാകുന്നത്. വെങ്കിടേഷ് അയ്യരിലാണ് ടീമിന്‍റെ മുഴുവൻ പ്രതീക്ഷയും.
ALSO READ :300 വിക്കറ്റുകളും 5000 റണ്‍സും ; അപൂർവ നേട്ടവുമായി എല്ലിസ് പെറി
മറുവശത്തുള്ള ഹൈദരാബാദിന് ഒന്നും നഷ്‌ടപ്പെടാനില്ല. 11 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം മാത്രമാണ് ടീമിന് ഇതുവരെ നേടാനായത്. അതിനാൽ തന്നെ ഈ സീസണിൽ ഇനിയൊരു മടങ്ങിവരവിന് ഹൈദരാബാദിന് അവസരം ലഭിച്ചേക്കില്ല.