ചെന്നൈ: സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സ് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 150 റണ്‍സെടുത്തു. രോഹിത് ശര്‍മയും ക്വിന്‍റണ്‍ ഡികോക്കും നല്‍കിയ മികച്ച തുടക്കമാണ് ചെപ്പോക്കില്‍ മുംബൈക്ക് കരുത്തായത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 55 റണ്‍സ് പിറന്നു. വിജയ് ശങ്കറുടെ പന്തില്‍ വിരാട് സിങ്ങിന് ക്യാച്ച് വഴങ്ങി ഹിറ്റ്‌മാന്‍ പവലിയനിലേക്ക് മടങ്ങിയതോടെയാണ് ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ന്നത്. 25 പന്തില്‍ രണ്ട് വീതം സിക്‌സും ബൗണ്ടറിയും സ്വന്തമാക്കിയ രോഹിത് 32 റണ്‍സ് അടിച്ചുകൂട്ടി.
മുംബൈക്കെതിരെ 151 റണ്‍സിന്‍റെ വിജയ ലക്ഷ്യവുമായി ഹൈദരാബാദ് - dekock smash news
രോഹിത് ശര്‍മയും ക്വിന്‍റണ്‍ ഡികോക്കും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് മുംബൈക്ക് മികച്ച തുടക്കം നല്‍കിയത്. മധ്യനിരയില്‍ കീറോണ്‍ പൊള്ളാര്‍ഡും പിടിച്ചുനിന്നു.
വണ്‍ ഡൗണായി ഇറങ്ങിയ സൂര്യകുമാര്‍ യാദവിന് വലിയ സംഭാവന നല്‍കാനായില്ല. ആറ് പന്തില്‍ 10 റണ്‍സ് മാത്രമെടുത്ത് സൂര്യകുമാര്‍ മടങ്ങി. വിജയ് ശങ്കറിന്‍റെ പന്തില്‍ വിജയ് ശങ്കറിന് ക്യാച്ച് വഴങ്ങിയാണ് പുറത്തായത്. വിജയ് ശങ്കറിന് ശേഷം അടുത്ത ഊഴം മുജീബുര്‍ റഹ്‌മാന്‍റേതായിരുന്നു. 39 പന്തില്‍ 40 റണ്‍സെടുത്ത് ക്രീസില്‍ നങ്കൂരമിട്ട് കളിച്ച ക്വിന്‍റണ്‍ ഡികോക്കിനെയും 12 റണ്‍സെടുത്ത ഇഷാന്‍ കിഷനെയും മുജീബുര്‍ റഹ്‌മാന്‍ കൂടാരം കയറ്റി. പിന്നാലെ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ഏഴ് റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയും പുറത്തായി.
മധ്യനിരയില്‍ ഓള്‍ റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡും ക്രുണാല്‍ പാണ്ഡ്യയും പുറത്താകാതെ നിന്നു. 22 പന്തില്‍ 35 റണ്‍സെടുത്ത പൊള്ളാര്‍ഡാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഒരു ബൗണ്ടറിയും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു പൊള്ളാര്‍ഡിന്‍റെ ഇന്നിങ്സ്. ഹൈദരാബാദിന് വേണ്ടി വിജയ് ശങ്കര്‍, മുജീബുര്‍ റഹ്‌മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റ് സ്വന്തമാക്കി. നാല് ഓവറില്‍ 11.25 ഇക്കോണമിയോടെ 45 റണ്‍സ് വഴങ്ങിയ മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് ഹൈദരാബാദ് നിരയില്‍ നിരാശപ്പെടുത്തിയത്.