മുംബൈ: നായകനെന്ന നിലയില്‍ മഹേന്ദ്രസിങ് ധോണിയും വിരാട് കോലിയും തമ്മിലുള്ള താരതമ്യം ക്രിക്കറ്റ് ലോകത്ത് പതിവാണ്. വാംഖഡെയിലെ ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് ഇരുവരും മുഖാമുഖം വരുമ്പോള്‍ കൗതുകവും പ്രതീക്ഷയും സ്വാഭാവികം. ചെന്നൈ സൂപ്പര്‍ കിങ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മിലുള്ള ഐപിഎല്‍ മത്സരം വൈകീട്ട് 3.30ന് ആരംഭിക്കും.
ആരാണ് മികച്ച ക്യാപ്‌റ്റന്‍. ഇരുവരുടെയും ആരാധകര്‍ക്കിടയില്‍ ഈ ചോദ്യം ചര്‍ച്ചകളിലേക്കും തര്‍ക്കങ്ങളിലേക്കും നീങ്ങും. ക്യാപ്‌റ്റന്‍ കൂളായി വിക്കറ്റിന് പിന്നില്‍ നിലയുറപ്പിക്കുന്ന ധോണി എക്കാലത്തെയും മികച്ച നായകനാണ്. അഗ്രസീവായ നായകനെന്ന നിലയില്‍ വിരാട് കോലിയില്‍ നിന്നും ക്രിക്കറ്റ് ലോകം ഇനിയുമേറെ പ്രതീക്ഷിക്കുന്നു.
നാലാം ജയം തേടി
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷം ഇത്തവണ മികച്ച തുടക്കമാണ് ചെന്നൈ ഐപിഎല്ലില്‍ പുറത്തെടുക്കുന്നത്. മോയിന്‍ അലിയുടെ പ്രകടനം നിർണായകമാണ്. റിതുരാജ് ഗെയ്‌ക്ക് വാദും ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നല്‍കുന്നത്. കൊല്‍ക്കത്തക്കെതിരായ അവസാന മത്സരത്തില്‍ 220 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിനുള്ള അടിത്തറയിട്ടത് ഈ കൂട്ടുകെട്ടാണ്. നായകന്‍ എംഎസ് ധോണി കൂടി മികച്ച ഫോമിലെത്തിയാല്‍ ചെന്നൈയെ പിടിച്ചു കെട്ടുക പ്രയാസമാകും.
അതേസമയം മിഡില്‍ ഓര്‍ഡറില്‍ രവീന്ദ്ര ജഡേജയുടെ സാന്നിധ്യം കരുത്താണ്. പരിക്ക് ഭേദമായി തിരിച്ചെത്തിയ ജഡേജ രാജസ്ഥാനെതിരായ വാംഖഡെ പോരാട്ടത്തില്‍ ഓള്‍ റൗണ്ട് പെര്‍ഫോമന്‍സുമായി തകര്‍ത്താടിയിരുന്നു. ബാറ്റിങ്ങില്‍ മിഡില്‍ ഓര്‍ഡറില്‍ സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു തുടങ്ങിയവരും അവസരത്തിനൊത്ത് ഉയരുന്നു.
ബൗളിങ്ങ് ഡിപ്പാര്‍ട്ടുമെന്‍റില്‍ ദീപക് ചാഹറും, ലുങ്കി എന്‍ഗിഡിയും, സാം കറനും പേസ് ആക്രമണങ്ങള്‍ക്ക് ശക്തിപകരും. വാംഖഡെയിലെ ബാറ്റിങ് പിച്ചില്‍ പേസ് ആക്രമണത്തിലൂടെ എതിരാളികളെ പ്രതിരോധത്തിലാക്കാനാകും ചെന്നൈയുടെ നീക്കം. ഡ്യൂ ഫാക്‌ടര്‍ നിര്‍ണായകമായില്ലെങ്കില്‍ ആര്‍സിബിയുടെ ബാറ്റിങ് നിരയെ ഈ പേസ് നിരയുടെ കരുത്തിലൂടെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ചെന്നൈക്ക് സാധിക്കും. ജേസണ്‍ ബെഹ്‌റന്‍ഫോര്‍ഡ് ക്വാറന്‍റൈനില്‍ തുടരുന്നത് മാത്രമാണ് ചെന്നൈക്ക് ആശങ്കയുണ്ടാക്കുന്നത്. ജേസണിന്‍റെ അഭാവം ചെന്നൈയുടെ പേസ് ആക്രമണങ്ങളുടെ മൂര്‍ച്ച കുറയ്ക്കും.
അജയ്യരായി ആര്‍സിബി
മറുഭാഗത്ത് അജയ്യരായി മുന്നേറുകയാണ് വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ആര്‍സിബി. അവസാന മത്സരത്തില്‍ രാജസ്ഥാനെതിരെ 10 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കാന്‍ സാധിച്ചത് ബാംഗ്ലൂരിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഐപിഎല്ലിലെ പ്രഥമ സെഞ്ച്വറി നേടിയ ദേവ്‌ദത്ത് പടിക്കലും നായകന്‍ വിരാട് കോലിയും ചേര്‍ന്നാണ് വാംഖഡെയില്‍ തിളക്കമാര്‍ന്ന ജയം നേടിയത്. മിഡില്‍ ഓര്‍ഡറില്‍ തകര്‍പ്പന്‍ പ്രകടനമാണ് ബാറ്റിങ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ കാഴ്‌ചവെക്കുന്നത്.
സീസണില്‍ തകര്‍പ്പന്‍ ഫോമിലുള്ള പേസര്‍ മുഹമ്മദ് സിറാജും ഇതിനകം അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ 12 വിക്കറ്റ് വീഴ്‌ത്തിയ മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേലും ചേര്‍ന്ന ബൗളിങ് നിര ഏത് ടീമിനും ഭീഷണിയാണ്. ഇരുവരും വാംഖഡെയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയിരുന്നു. മാക്‌സ്‌വെല്‍ ഒഴികെയുള്ള ബൗളര്‍മാര്‍ ഇതിനകം ഫോമിലേക്ക് ഉയര്‍ന്നു കഴിഞ്ഞു. യുസ്‌വേന്ദ്ര ചാഹലിന്‍റെ നേതൃത്വത്തിലുള്ള സ്‌പിന്‍ തന്ത്രങ്ങളും ആര്‍സിബിക്ക് തുണയാകുന്നുണ്ട്. സ്‌പിന്‍ ബൗളേഴ്‌സിനെ ഫലപ്രദമായി നേരിടുന്ന ചെന്നൈയുടെ ബാറ്റിങ് നിരക്കെതിരെ പേസര്‍മാരെ കൂടുതലായി ഉപയോഗിക്കാനാകും ഇന്ന് കോലിയുടെ നീക്കം. ഷഹബാദ് അഹമ്മദും വാഷിങ്‌ടണ്‍ സുന്ദറും ഉള്‍പ്പെട്ട ഓള്‍റൗണ്ടര്‍മാരും വിക്കറ്റ് വീഴ്‌ത്തുന്നതില്‍ ഒട്ടും പിന്നിലല്ല.
കണക്കുകൂട്ടലുകള്‍ക്കപ്പുറം പ്രവചനാതീതമാണ് കുട്ടിക്രിക്കറ്റ്. പ്രത്യേകിച്ചും കരുത്തുറ്റ രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍. 26 തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 16 തവണ ചെന്നൈക്കൊപ്പമായിരുന്നു ജയം. ആര്‍സിബി ഒമ്പത് തവണയും വിജയിച്ചു. കഴിഞ്ഞ സീസണില്‍ ഒരോ ജയം വീതം ഇരു ടീമുകളും സ്വന്തമാക്കി. അവസാന മത്സരത്തില്‍ ചെന്നൈ എട്ട് വിക്കറ്റിന് വിജയിച്ചു.