മുംബൈ: ഓപ്പണിങ് കൂട്ടുകെട്ടിന്‍റെ കരുത്തില്‍ കൊല്‍ക്കത്തക്കെതിരെ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 220 റണ്‍സെടുത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 60 പന്തില്‍ 158 സ്‌ട്രൈക്ക് റേറ്റോടെ 95 റണ്‍സെടുത്ത ഓപ്പണര്‍ ഫാഫ് ഡുപ്ലെസിയും ഒരു പന്തില്‍ ആറ് റണ്‍സുമായി രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു.
ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത കൊല്‍ക്കത്തക്കെതിരെ റിതുരാജ് ഗെയ്‌ക്‌വാദും ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് ചെന്നൈക്ക് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 115 റണ്‍സാണ് സ്‌കോര്‍ബോഡില്‍ കൂട്ടിച്ചേര്‍ത്തത്. ഇരുവരും ചേര്‍ന്ന് വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്‌ചവെച്ചത്.
42 പന്തില്‍ നാല് സിക്‌സും ആറ് ബൗണ്ടറിയും ഉള്‍പ്പെടെ 64 റണ്‍സാണ് റിതുരാജ് സ്വന്തമാക്കിയത്. വണ്‍ ഡൗണായി ഇറങ്ങിയ മോയിന്‍ അലി 12 പന്തില്‍ രണ്ട് വീതം സിക്‌സും ബൗണ്ടറിയും ഉള്‍പ്പെടെ 25 റണ്‍സെടുത്ത് പുറത്തായി. 208 സ്ട്രൈക്ക് റേറ്റിലാണ് മോയിന്‍ അലി കൊല്‍ക്കത്തക്കെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്.
കൂടുതല്‍ വായനക്ക്: ബെയര്‍സ്റ്റോക്ക് അര്‍ദ്ധസെഞ്ച്വറി; സീസണില്‍ ആദ്യ ജയവുമായി ഹൈദരാബാദ്
പിന്നാലെ നാലാമനായി ഇറങ്ങിയ മഹേന്ദ്രസിങ് ധോണി എട്ട് പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 17 റണ്‍സെടുത്ത് പുറത്തായി. കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസല്‍, സുനില്‍ നരെയ്‌ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.