ചെന്നൈ;ഐപിഎല്‍ പതിനാലാം സീസണിലെ അവസാന മത്സരത്തിനൊരുങ്ങി ചെപ്പോക്ക്. രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍ വരും. കഴിഞ്ഞ സീസണിലെ നിര്‍ണായ പ്ലേ ഓഫ് പോരാട്ടത്തിന് ശേഷം ആദ്യമായാണ് ഇരു ടീമുകളും നേര്‍ക്കനേര്‍ വരുന്നത്. അന്ന് പ്ലേ ഓഫില്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തി ഡല്‍ഹി കലാശപ്പോരിന് യോഗ്യത സ്വന്തമാക്കി. ആ കണക്ക് തീര്‍ക്കാനുള്ള സുവര്‍ണാവസരമാണ് ഹൈദരാബാദിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
ജയിച്ച് ശീലിക്കണം
ഹാട്രിക് തോല്‍വിക്ക് ശേഷം ജയം സ്വന്തമാക്കാന്‍ സാധിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്. സീസണില്‍ മുന്നേറണമെങ്കില്‍ ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലുള്ള ഹൈദരാബാദിന് ജയം അനിവാര്യമാണ്. പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന് വിജയിച്ചതിന്‍റെ ആത്മവിശ്വാസം ഹൈദരാബാദിന് മുതല്‍ക്കൂട്ടാകും. ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് ഡല്‍ഹിക്ക് വെല്ലുവിളി ഉയര്‍ത്തും. ഫിറ്റ്‌നസ് വീണ്ടെടുത്ത് കെയിന്‍ വില്യംസൺ തിരിച്ചെത്തിയത് ടീമിന് കരുത്ത് പകരുന്നുണ്ട്. അതേസമയം മിഡില്‍ ഓര്‍ഡര്‍ ഫോമിലേക്ക് ഉയരാത്തതാണ് വാര്‍ണറും കൂട്ടരും നേരിടുന്ന വെല്ലുവിളി. സമ്മര്‍ദത്തെ അതിജീവിക്കാന്‍ മധ്യനിരക്ക് സാധിക്കുന്നില്ല. പരിചയ സമ്പന്നരായ ജേസണ്‍ ഹോള്‍ഡറും വൃദ്ധിമാന്‍ സാഹയും ഫോം ഔട്ടായതും തിരിച്ചടിയായി.
പരിക്ക് കാരണം പേസര്‍ നടരാജന്‍ ഐപിഎല്ലില്‍ നിന്നും പുറത്തായത് ഡേവിഡ് വാര്‍ണര്‍ക്ക് തലവേദന ഉയര്‍ത്തുന്നുണ്ട്. നടരാജന്‍റെ അഭാവത്തില്‍ ഭുവനേശ്വര്‍ കുമാറിന്‍റെ ഉത്തരവാദിത്വം വര്‍ദ്ധിക്കും. പരിചയ സമ്പന്നനായ മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ബൗളര്‍മാരെ തുണക്കുന്ന ചെപ്പോക്കിലെ പിച്ചില്‍ തിളങ്ങുമെന്ന പ്രതീക്ഷയിലാണ് വാര്‍ണര്‍. റാഷിദ് ഖാന്‍റെ നേതൃത്വത്തില്‍ ഒരുക്കുന്ന സ്‌പിന്‍ തന്ത്രങ്ങളും ഹൈദരാബാദിന് തുണയാകും.