ചെന്നൈ:ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും പതിനാലാം സീസണിലെ രണ്ടാമങ്കത്തിന് ഇറങ്ങുന്നു. ചെന്നൈയില്‍ രാത്രി 7.30നാണ് പോരാട്ടം. ഇത്തവണയും എബി ഡിവില്ലിയേഴ്‌സ് തന്നെയാണ് ബാംഗ്ലൂരിന്‍റെ ശക്തി. മുംബൈക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ എബിഡിയുടെ ബാറ്റിങ്ങാണ് ബാംഗ്ലൂരിന് കരുത്തായത്. ഓപ്പണിങ് ബാറ്റ്‌സ്‌മാനായി ഇത്തവണ ദേവ്‌ദത്ത് പടിക്കല്‍ തിരിച്ചെത്തിയാല്‍ മികച്ച തുടക്കവും സ്വന്തമാക്കാം. കൊവിഡ് മുക്തനായി പടിക്കലെത്തുന്ന പക്ഷം ഓപ്പണറില്‍ നിന്നും ഓള്‍റൗണ്ടറുടെ റോളിലേക്ക് വാഷിങ്‌ടണ്‍ സുന്ദര്‍ മാറും.
ലീഗിലെ ഉദ്‌ഘാടന മത്സരത്തില്‍ ചാമ്പ്യന്‍മാരായ മുംബൈയെ രണ്ട് വിക്കറ്റിന് വീഴ്‌ത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ആര്‍സിബി. നായകന്‍ വിരാട് കോലിയെ കൂടാതെ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയിരുന്നു. നാല് ബാറ്റ്‌സ്‌മാന്‍മാര്‍ക്ക് മാത്രമാണ് രണ്ടക്ക സ്‌കോര്‍ കണ്ടെത്താനായത്. ന്യൂസിലന്‍ഡിന്‍റെ പുതുമുഖം ഫിന്‍ അലന്‍ ഉള്‍പ്പെടെയുള്ള ബാറ്റ്‌സമാന്‍മാരെ ഈ സാഹചര്യത്തില്‍ അന്തിമ ഇലവനിലേക്ക് കോലി പരീക്ഷിച്ചേക്കും. ഇവര്‍ക്കൊപ്പം മുഹമ്മദ് അസറുദ്ദീന് അവസരം ലഭിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളി ആരാധകര്‍.
ബൗളിങ്ങില്‍ കഴിഞ്ഞ മത്സരത്തില്‍ സെന്‍സേഷനായ മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേലാകും ഇത്തവണ ശ്രദ്ധാകേന്ദ്രം. മുംബൈക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടവുമായി തകര്‍പ്പന്‍ ബൗളിങ്ങ് കാഴ്‌ചവെച്ച ഹര്‍ഷല്‍ ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ടീം. അതേസമയം യുസ്‌വേന്ദ്ര ചാഹലിന് പകരം ഓസിസ് സ്‌പിന്നര്‍ ആദം സാംപയെ നായകന്‍ കോലി പരീക്ഷിച്ചേക്കും. മുംബൈക്കെതിരെ റണ്ണൊഴുക്ക് തടയുന്നതില്‍ മറ്റ് ബൗളര്‍മാര്‍ വിജയിച്ചപ്പോള്‍ ചാഹല്‍ പരാജയപ്പെട്ടു. നാല് ഓവറില്‍ വിക്കറ്റൊന്നും നേടാതെ 41 റണ്‍സാണ് ചാഹല്‍ വഴങ്ങിയത്.
മറുഭാഗത്ത് കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയോട് 10 റണ്‍സിന്‍റെ പരാജയം ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യ മത്സരത്തിലെ പരാജയത്തില്‍ നിന്നും ഏറെ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടാകും ഹൈദരാബാദിന്‍റെ രണ്ടാമങ്കം. കൊല്‍ക്കത്തക്കെതിരായ അന്തിമ ഇലവനില്‍ ഇടംപിടിക്കാതെ പോയ ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍ ഇത്തവണ ടീമിന്‍റെ ഭാഗമാകാനാണ് സാധ്യത. കൂടാതെ ഓപ്പണറായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സാഹക്ക് പകരം ബെയര്‍സ്റ്റോ ഉള്‍പ്പെടെയുള്ളവരെ പരീക്ഷിക്കാന്‍ നായകന്‍ വാര്‍ണര്‍ മുതിര്‍ന്നേക്കും. ബെയര്‍സ്റ്റോക്കൊപ്പം പ്രിയം ഗാര്‍ഗ്, മനീഷ് പാണ്ഡെ തുടങ്ങിയ സാധ്യതകളും ഹൈദരാബാദിന് മുന്നിലുണ്ട്.
അഫ്‌ഗാന്‍ സ്‌പിന്നര്‍ റാഷിദ് ഖാന്‍ നാല് വിദേശ താരങ്ങള്‍ക്കിടയില്‍ തന്‍റെ പേര് ഉറപ്പിച്ചിട്ടുണ്ട്. ഡെത്ത് ഓവറുകളില്‍ ഉള്‍പ്പെടെ റാഷിദ് ഖാന്‍ ഹൈദരാബാദിന് നല്‍കുന്ന കരുത്ത് ചെറുതല്ല. കൊല്‍ക്കത്തക്കെതിരെ നാല് ഓവര്‍ എറിഞ്ഞ റാഷിദ് ഖാന്‍ 24 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് വീഴ്‌ത്തിയത്. റാഷിദ് ഖാനെ കൂടെ സഹതാരം മുഹമ്മദ് നബിയും കഴിഞ്ഞ മത്സരത്തില്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിന്‍റെ പേസ് ആക്രമണത്തിന്‍റെ മൂര്‍ച്ച കുറഞ്ഞതും ഹൈദരാബാദിന് തിരിച്ചടിയായി. നാല് ഓവറില്‍ 45 റണ്‍സ് വഴങ്ങിയാണ് ഭുവനേശ്വര്‍ ഒരു വിക്കറ്റ് വീഴ്‌ത്തിയത്.
കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും ലീഗ് തലത്തില്‍ രണ്ടാം പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ആര്‍സിബിക്കൊപ്പമായിരുന്നു. അന്ന് നാല് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയിട്ടും പ്ലേ ഓഫിലേക്ക് പ്രവേശിക്കാന്‍ കോലിക്കും കൂട്ടര്‍ക്കുമായിരുന്നില്ല. ഇത്തവണ അതിനൊരു മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് കോലിയും കൂട്ടരും. ഇതിന് മുമ്പ് അഞ്ച് തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ മൂന്ന് പ്രാവശ്യവും ജയം തങ്ങള്‍ക്കൊപ്പമാണെന്നത് ആര്‍സിബിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്.