മുംബൈ: ഐപിഎൽ 15-ാം സീസണിലെ ബിഗ് ഹിറ്റർ എന്ന പേര് വിൻഡീസ് താരം റോവ്‌മാൻ പവൽ ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. ഏത് ബൗളറെയപും തലങ്ങും വിലങ്ങും പായിക്കാനുള്ള കഴിവ് ഇതിനകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. സണ്‍റൈസേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തിൽ പവലിന്‍റെയും ബാറ്റിങ് മികവിലാണ് ഡൽഹി തകർപ്പൻ ജയം സ്വന്തമാക്കിയത്. അഞ്ചാം നമ്പരിൽ തന്നിൽ വിശ്വാസം കാത്ത് സൂക്ഷിക്കും എന്ന് താൻ പന്തിന് ഉറപ്പ് നൽകിയിരുന്നു എന്നാണ് മത്സര ശേഷം പവൽ പറഞ്ഞത്.
എന്നെ അഞ്ചാം നമ്പരിൽ വിശ്വസിക്കൂ എന്ന് ഞാൻ പന്തിനോട് പറഞ്ഞിരുന്നു. ആദ്യത്തെ 15-20 ബോളുകൾ എനിക്ക് നിലയുറപ്പിക്കാൻ നൽകണമെന്നും അതിന് ശേഷമുള്ള പന്തുകൾ അടിച്ച് പറത്താൻ ഞാൻ ശ്രമിക്കുമെന്നും ഞാൻ പന്തിനോട് പറഞ്ഞിരുന്നു. ഐപിഎല്ലിന്‍റെ തുടക്കത്തിൽ എനിക്കൊരൽപ്പം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. എന്നാൽ ഞാൻ എന്നിൽ തന്നെ വിശ്വാസം അർപ്പിച്ച് കളിച്ചു. പവൽ പറഞ്ഞു.
മത്സരത്തിന്‍റെ ആദ്യ ഘട്ടങ്ങളിൽ 6,5 8 എന്നീ ബാറ്റിങ്ങ് പൊസിഷനുകളിലാണ് പവൽ കളിച്ചിരുന്നുത്. അതിൽ മാറ്റം വന്നതോടെയാണ് താരം തന്‍റെ ഉഗ്രരൂപം പുറത്തെടുത്തത്.റിഷഭിനോട് എട്ടാം നമ്പരിൽ ബാറ്റിങ്ങിനിറങ്ങുന്നതിൽ അൽപം നിരാശനാണെന്ന് ഞാൻ പറഞ്ഞിരുന്നു. തുടർന്ന് റിഷഭ് പന്തും കോച്ച് റിക്കി പോണ്ടിങും ചേർന്ന് എന്നെ കുറച്ച് നേരത്തെ ബാറ്റിങ്ങിനിറങ്ങാൻ അനുവദിക്കുകയായിരുന്നു. പവൽ കൂട്ടിച്ചേർത്തു.
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തോടെയാണ് പവലിനെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. അന്ന് അവസാന ഓവറിൽ മൂന്ന് സിക്‌സ് തുടരെ അടിച്ച് തന്‍റെ പവർ എന്താണെന്ന് പവൽ കാട്ടിത്തന്നു. തുടർന്ന് കൊൽക്കത്തക്കെതിരായ മത്സരത്തിൽ 16 പന്തിൽ 33 റണ്‍സും, ലഖ്‌നൗവിനെതിരായ മത്സരത്തിൽ 21 പന്തിൽ 35 റണ്‍സും നേടി പവൽ ഞെട്ടിച്ചു. പിന്നാലെയാണ് സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിൽ 35 പന്തിൽ ആറ് സിക്‌സിന്‍റെ അകമ്പടിയോടെ 67 റണ്‍സ് നേടി ടീമിന്‍റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്.