ഹൈദരാബാദ്: നായകന്‍റെ കളിയാണ് ക്രിക്കറ്റ്. ടീമിനെ തെരഞ്ഞെടുക്കുന്നത് മുതല്‍ ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും വരുത്തുന്ന മാറ്റങ്ങൾ അടക്കം നായകന്‍റെ ഓരോ തീരുമാനവും ടീമിന്‍റെ ജയപരാജയങ്ങളില്‍ നിർണായകമാണ്. ലോകത്തെ ഏറ്റവും വലിയ ടി-20 ടൂർണമെന്‍റിന്‍റെ സെമിഫൈനല്‍ (എലിമിനേറ്റർ-2) മത്സരം അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുകയാണ്.
കെജിഎഫ്: ദേശീയ ടീമുകളെയും ഐപിഎല്‍ ടീമുകളെയും നയിച്ച് പരിചയമുള്ള ഒരു പിടിതാരങ്ങളുള്ള ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്‌സ് ആണ് രാജസ്ഥാൻ റോയല്‍സിന്‍റെ എതിരാളികൾ. വിരാട് കോലി, ഗ്ലെൻ മാക്‌സ്‌വെല്‍, ഫാഫ് ഡുപ്ലിസി (കെജിഎഫ്) K (Kohli) G (Glenn Maxwell) F (Faf du Plessis) എന്ന് ആരാധകർ വിളിക്കുന്ന നായകൻമാരും ബാറ്റിങ് സൂപ്പർസ്റ്റാറുകളുമാണ് ബാംഗ്ലൂർ നിരയിലുള്ളത്. ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ബാംഗ്ലൂർ മികച്ച സ്കോർ ലക്ഷ്യമിട്ട് ബാറ്റ് ചെയ്യുന്നു. രണ്ട് വിക്കറ്റുകൾ നഷ്‌ടമായെങ്കിലും മികച്ച ശരാശരിയോടെ ഗ്ലെൻ മാക്‌സ്‌വെല്ലും കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരൻ രജത് പടിദാറും ക്രീസിലുണ്ട്.
യഥാർഥ നായകൻ വരുന്നു: രാജസ്ഥാൻ നായകൻ സഞ്ജു സാംസണെ സംബന്ധിച്ച് ഈ കൂട്ടുകെട്ട് പൊളിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടു തന്നെ ഏറ്റവും വിശ്വസ്തനായ ബൗളർ യുസ്‌വേന്ദ്ര ചാഹലിനെ പന്ത് ഏല്‍പ്പിക്കാൻ സഞ്ജു തീരുമാനിച്ചു. ഈ ഐപിഎല്ലിലെ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം പങ്കിടുന്ന ചാഹലിനെ ഒരു കരുണയും കാണിക്കാതെയാണ് മാക്‌സ്‌വെല്‍ കൈകാര്യം ചെയ്‌തത്.
റിവേഴ്‌സ് സ്വീപ്പിലുള്ള മനോഹരമായ ബൗണ്ടറി മാക്‌സ്‌വെല്‍ നേടുമ്പോൾ നായകന്‍റെ മുഖം ടെലിവിഷൻ സ്ക്രീനില്‍. പക്ഷേ ഒരു ചെറു പുഞ്ചിരിയാണ് സഞ്ജു സാംസൺ ടെലിവിഷൻ കാണികൾക്ക് സമ്മാനിച്ചത്. കാരണം ആ ചിരിയില്‍ തന്നെ സഞ്ജു തന്ത്രം മാറ്റിയിരുന്നു. സാധാരണ ഗതിയില്‍ അവസാന ഓവറുകൾ എറിയുന്ന ട്രെന്‍റ് ബോൾട്ടിനെയാണ് സഞ്ജു മാക്‌സ്‌വെല്ലിന് വേണ്ടി കരുതി വെച്ചിരുന്നത്.
അവസാന ഓവറുകളിലേക്ക് കരുതി വെച്ച പ്രസിദ്ധ് കൃഷ്‌ണയും ഒബെദ് മക്കോയിയും തകർത്ത് പന്തെറിഞ്ഞപ്പോൾ ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റിങ് സ്ട്രൈക്ക് റേറ്റുള്ള ദിനേശ് കാർത്തിക്കിന് പോലും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനോട് തോല്‍ക്കുമ്പോൾ ഏറ്റവുമധികം തല്ലുകൊണ്ട പ്രസിദ്ധ് കൃഷ്‌ണയും ഒബെദ് മക്കോയിയും ഈ നിർണായക മത്സരത്തില്‍ കളിക്കുകയും മികച്ച ഫോമിലേക്ക് വരികയും ചെയ്തതിന് പിന്നിലും നായകന്‍റെ മികവു തന്നെയാണ്.
'ശരിക്കും ധോണിയെപ്പോലെ':27 വയസുള്ള സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ ടീമില്‍ ഇംഗ്ലീഷ് ദേശീയ ടീമിലെ സൂപ്പർ താരമായ ജോസ് ബട്‌ലർ, ന്യൂസിലൻഡിന്‍റെ സ്റ്റാർ പേസർ ട്രെന്‍റ് ബോൾട്ട്, വെസ്റ്റിന്ത്യൻ സ്റ്റാർ ബാറ്റർ ഹെറ്റ്‌മെയർ, ഇന്ത്യൻ താരങ്ങളായ രവി അശ്വിൻ, യുസ്‌വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്‌ണ, അതിനൊപ്പം യുവതാരങ്ങളായ യശസ്വി ജയ്‌സ്‌വാൾ, ദേവ്‌ദത്ത് പടിക്കല്‍, റിയാൻ പരാഗ്.. ഇവരൊക്കെയാണുള്ളത്.