പൂനെ: സഞ്ജു സാംസണെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്‌പിന്നർ ഹസരങ്കയുടെ ആധിപത്യം തുടരുന്നു. ഈ സീസണില്‍ രണ്ടാം തവണയും സഞ്ജുവിന്‍റെ വിക്കറ്റ് ശ്രീലങ്കൻ സ്‌പിന്നർ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഹസരങ്കയെ റിവേഴ്‌സ് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ ബൗൾഡായ സഞ്ജു മടങ്ങുകയായിരുന്നു.
ക്യാപ്റ്റന്‍റെ ഇന്നിങ്‌സുമായി താരം ടീമിനെ തകര്‍ച്ചയില്‍ മുന്നോട്ട് നയിക്കവെയായിരുന്നു അപ്രതീക്ഷിത പ്രഹരം. 21 മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 27 റണ്‍സെടുത്ത സഞ്ജു ക്രീസിൽ നിലയുറപ്പിച്ചന്ന് തോന്നിപ്പിച്ച സമയത്താണ് ഹസരംഗ കുറ്റി പിഴുതത്.
ടി20 ക്രിക്കറ്റിലെ ഇതുവരെയുള്ള കണക്ക് പരിശോധിച്ചാൽ സഞ്ജുവിനെതിരെ മികച്ച റെക്കോര്‍ഡാണ് ഹസരംഗയ്ക്കുള്ളത്. ആറ് ഇന്നിങ്‌സുകളിലായി ഹസരംഗയുടെ 23 പന്തുകളാണ് സഞ്ജു ഇതുവരെ നേരിട്ടത്. ഇതിൽ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 18 റണ്‍സാണ് താരത്തിനു നേടാനായത്. എന്നാല്‍ ഈ 23 പന്തുകള്‍ക്കിടെ അഞ്ചു തവണയാണ് സഞ്ജുവിനെ ഹസരംഗ പുറത്താക്കിയത്.
ALSO READ:IPL 2022 | ബാംഗ്ലൂരിനെ എറിഞ്ഞൊതുക്കി; റോയൽ പോരിൽ രാജസ്ഥാന് ജയം
ഇന്നലെത്തെ മത്സരത്തിലെ സഞ്ജുവിന്‍റെ വിക്കറ്റ് നേടിയതോടെ ടി20 ഫോര്‍മാറ്റില്‍ താരത്തെ കൂടുതൽ തവണ പുറത്താക്കിയ ബോളറെന്ന നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് ഹസരംഗ. രാജസ്ഥാന്‍ റോയല്‍സിലെ സഹതാരമായ യൂസ്‌വേന്ദ്ര ചാഹലാണ് ഇതിനുമുമ്പ് സഞ്ജുവിനെ അഞ്ച് തവണ പുറത്താക്കിയത്. ഇതിനൊപ്പം തന്നെ ഒമ്പത് മത്സരങ്ങളില്‍ 13 വിക്കറ്റുമായി ഈ സീസണിലെ വിക്കറ്റ് വേട്ടയിൽ നാലാമതെത്തി.