ചെന്നെെ: മുംബെെക്കെതിരായ ഉദ്ഘാടന മത്സരത്തിലെ വിജയത്തിന് പിന്നാലെ മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേലിനെ പ്രശംസിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ക്യാപ്റ്റൻ വിരാട് കോലി. വ്യക്തമായ പദ്ധതികളിലൂടെ കളിക്കുന്ന ഹര്‍ഷല്‍ തങ്ങളുടെ ഡെത്ത് ബൗളറാവുമെന്നാണ് കോലിയുടെ പ്രശംസ.
'ഹര്‍ഷല്‍ തന്‍റെ ഉത്തരവാദിത്തത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നു, ഒപ്പം വ്യക്തമായ പദ്ധതികളുള്ള കളിക്കാരനാണ്. അവന്‍ ഞങ്ങളുടെ ഡെത്ത് ബൗളറാകാൻ പോകുന്നു. ഒരു ക്യാപ്റ്റനെന്ന നിലയിൽ നിങ്ങൾക്ക് വ്യക്തതയുള്ള കളിക്കാരെ വേണം, അവനതുണ്ട്'. കോലി പറഞ്ഞു. അതേസമയം മുംബെെക്കെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്താന്‍ ഹര്‍ഷലിന് കഴിഞ്ഞിരുന്നു.
2012ല്‍ ആര്‍സിബിയിലുടെ ഐപിഎല്ലില്‍ അരങ്ങേറിയ ഗുജറാത്ത് സ്വദേശിയായ ഹര്‍ഷല്‍ 2018ല്‍ ഡല്‍ഹിലേക്ക് കൂടുമാറിയിരുന്നു. തുടര്‍ന്ന് 14ാം സീസണിന് മുന്നോടിയായി നടന്ന മിനി താരലേലത്തിലൂടെയാണ് ആര്‍സിബിയിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്. ഇതിനകം തന്നെ 49 മത്സരങ്ങളില്‍ നിന്നായി 56 വിക്കറ്റുകള്‍ ഹര്‍ഷല്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
അതേസമയം ആര്‍സിബിയിലെ മറ്റ് ബൗളർമാരായ മുഹമ്മദ് സിറാജ്, കെയ്‌ൽ ജാമിസൺ എന്നിവരെയും കോലി അഭിനന്ദിച്ചു. ഇരുവരും നല്ല ഇക്കോണമി പുലര്‍ത്തിയെന്നും ബാറ്റ്സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കിയെന്നും കോലി പറഞ്ഞു. ടൂര്‍ണമെന്‍റിലെ ഏറ്റവും ശക്തമായ ടീമിനെതിരെ തന്നെ ആദ്യ മത്സരം കളിക്കാനായതിനാല്‍ തങ്ങളുടെ ടീമിനെ തന്നെ പരീക്ഷിക്കാനായെന്നും താരം കൂട്ടിച്ചേര്‍ത്തു.