കൊല്‍ക്കത്ത:ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ സെഞ്ച്വറിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഹൈദരാബാദിന്‍റെ ഹാരി ബ്രൂക്ക് നേടിയത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ സണ്‍റൈസേഴ്‌സിന്‍റെ ഓപ്പണര്‍ ബാറ്ററായി ക്രീസിലെത്തിയ താരം 55 പന്ത് നേരിട്ടാണ് സെഞ്ച്വറിയിലേക്കെത്തിയത്. ബ്രൂക്ക് തകര്‍ത്തടിച്ച മത്സരത്തില്‍ ആതിഥേയരായ കൊല്‍ക്കത്തയ്‌ക്കെതിരെ 23 റണ്‍സിന്‍റെ ജയം സ്വന്തമാക്കാനും ഓറഞ്ച് ആര്‍മിക്കായി.
കഴിഞ്ഞ താര ലേലത്തില്‍ 13.25 കോടിക്കായിരുന്നു ബ്രൂക്കിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും അന്താരാഷ്‌ട്ര ക്രിക്കറ്റിലും കാട്ടിയ മികവ് ഐപിഎല്ലിന്‍റെ ആദ്യ മത്സരങ്ങളില്‍ 24 കാരനായ താരത്തിന് പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. രാജസ്ഥാന്‍ റോയല്‍സിന് എതിരായി നടന്ന ഐപിഎല്‍ അരങ്ങേറ്റ മത്സരത്തില്‍ ബ്രൂക്ക് 21 പന്തില്‍ 13 റണ്‍സായിരുന്നു നേടിയത്.
രണ്ടാം മത്സരത്തിലും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ അഞ്ചാമനായി ക്രീസിലെത്തിയ താരത്തിന് മൂന്ന് റണ്‍സ് മാത്രമെ എടുക്കാനായുള്ളൂ. മൂന്നാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ താരത്തിന് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ചു.
ഓപ്പണറായി ക്രീസിലെത്തിയെങ്കിലും മികവ് പുറത്തെടുക്കാന്‍ ഇംഗ്ലീഷ് ബാറ്റര്‍ക്ക് സാധിച്ചില്ല. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വ്യാപക വിമര്‍ശനമാണ് താരത്തിനെതിരെ ഉയര്‍ന്നത്. ട്രോളുകളിലും മീമുകളിലും ഹാരി ബ്രൂക്ക് നിറഞ്ഞു.
ഇത്തരമൊരു സാഹചര്യത്തിലായിരുന്നു ഹാരി ബ്രൂക്കിന്‍റെ ബാറ്റില്‍ നിന്നും ഐപിഎല്ലിലെ തന്‍റെ കന്നി സെഞ്ച്വറി പിറന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി ഓപ്പണറായി ക്രീസിലെത്തിയ താരം ക്യാപ്‌റ്റന്‍ എയ്‌ഡന്‍ മാര്‍ക്രം, ഇടം കയ്യന്‍ ബാറ്റര്‍ അഭിഷേക് ശര്‍മ എന്നിവരെ കൂട്ടുപിടിച്ചാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 12 ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്‍റെ സെഞ്ച്വറി ഇന്നിങ്‌സ്.