ചെന്നൈ:ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ കളിക്കുന്ന താരങ്ങളില്‍ പലര്‍ക്കും പ്രചോദനമായ ഒരു വ്യക്തിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി. ധോണിയോടുള്ള ആരാധന എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തി പല താരങ്ങളും നേരത്തെ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇതേകാര്യം തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും.
ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിച്ചിട്ടുള്ള ഇരുവരും കളത്തിന് പുറത്തും നല്ല ബന്ധം പുലര്‍ത്തുന്നവരാണ്. താന്‍ എപ്പോഴും ധോണിയുടെ ഒരു നല്ല ആരാധകനായിരിക്കുമെന്നും പിശാചുക്കള്‍ക്ക് മാത്രമെ അദ്ദേഹത്തെ വെറുക്കാന്‍ കഴിയൂവെന്നും ഹാര്‍ദിക് പറഞ്ഞു. ഐപിഎല്‍ പതിനാറാം പതിപ്പിലെ ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടാന്‍ ഗുജറാത്ത് ടൈറ്റന്‍സ് ഒരുങ്ങുന്നതിനിടെയാണ് അവരുടെ നായകന്‍റെ പ്രതികരണം.
'മഹി ഏറെ ഗൗരവമുള്ള ഒരാളാണെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ ഞാന്‍ മഹേന്ദ്ര സിങ് ധോണിയായിട്ടല്ല അദ്ദേഹത്തെ കാണുന്നത്. വ്യക്തമായി പറഞ്ഞാല്‍ ഞാന്‍ അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചു.
അതെല്ലാം തന്നെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളാണ്. അധികം സംസാരിക്കാതെ അദ്ദേഹത്തെ കണ്ടും കുറേ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. അദ്ദേഹം എപ്പോഴും എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ഒരാളാണ്.
Also Read :IPL 2023 | ജയിക്കുന്നവര്‍ക്ക് 'ഫൈനല്‍ ടിക്കറ്റ്', ചെപ്പോക്കില്‍ തമ്മിലേറ്റുമുട്ടാന്‍ ധോണിയും ഹാര്‍ദികും; ഒന്നാം ക്വാളിഫയര്‍ ഇന്ന്
എനിക്ക് തമാശ പറയാന്‍ കഴിയുന്ന, പ്രാങ്കുകള്‍ ചെയ്യാന്‍ കഴിയുന്ന എന്‍റെ ഒരു സഹോദരനുമാണ് അദ്ദേഹം. നിരവധി ക്രിക്കറ്റ് പ്രേമികളെപ്പോലെ തന്നെ ഞാനും ഒരു മഹേന്ദ്ര സിങ് ധോണി ആരാധകനാണ്. ഒരു ചെകുത്താന്‍ ആണെങ്കില്‍ മാത്രമെ നിങ്ങള്‍ക്ക് അയാളെ വെറുക്കാന്‍ കഴിയൂ', ഹാര്‍ദിക് പറഞ്ഞു.
എംഎസ് ധോണിക്ക് ആദരവ് നല്‍കികൊണ്ട് ഹാര്‍ദിക് പാണ്ഡ്യയുടെ പ്രതികരണം ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ക്യാപ്‌റ്റന്‍, ലീഡര്‍, ലെജന്‍ഡ് എന്ന് ആരംഭിക്കുന്ന ക്യാപ്‌ഷനോടെയാണ് ടൈറ്റന്‍സ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
നേരത്തെ, ഐപിഎല്‍ ലീഗ് മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെയും ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും അവരുടെ നായകന്‍ എംഎസ് ധോണിയേയും കുറിച്ചുള്ള തന്‍റെ അഭിപ്രായം വ്യക്തമാക്കി ഹാര്‍ദിക് പാണ്ഡ്യ രംഗത്തെത്തിയിരുന്നു. മുംബൈ ഇന്ത്യന്‍സില്‍ നിന്നും വ്യത്യസ്‌തമായി കളിക്കാരിലെ മികച്ച പ്രകടനം പുറത്തുകൊണ്ടുവന്നാണ് ചെന്നൈ ഐപിഎല്‍ കിരീടങ്ങള്‍ നേടിയതെന്നായിരുന്നു അന്ന് ഹാര്‍ദിക്കിന്‍റെ പ്രതികരണം.
Also Read :മുംബൈ ഇന്ത്യന്‍സിന്‍റെ ഐപിഎല്‍ കിരീട നേട്ടങ്ങള്‍ക്ക് കാരണം ലോകോത്തര താരങ്ങള്‍, ചെന്നൈയുടേത് പക്ഷേ മറ്റൊന്ന് : ഹാര്‍ദിക് പാണ്ഡ്യ
അതേസമയം, ഇന്ന് വൈകുന്നേരമാണ് ഹാര്‍ദിക്കിന്‍റെ ഗുജറാത്ത് ടൈറ്റന്‍സും ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലേറ്റുമുട്ടുന്ന ഐപിഎല്‍ പതിനാറാം പതിപ്പിലെ ആദ്യ ക്വാളിഫയര്‍ പോരാട്ടം. ചെപ്പോക്കില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. ലീഗ് സ്റ്റേജ് അവസാനിച്ചപ്പോള്‍ പോയിന്‍റ് പട്ടികയില്‍ ഗുജറാത്ത് ഒന്നാം സ്ഥാനക്കാരായും ചെന്നൈ രണ്ടാം സ്ഥാനക്കാരായുമാണ് പ്ലേഓഫില്‍ കടന്നത്.