കേരളം

kerala

ETV Bharat / sports

മുംബൈ ഇന്ത്യന്‍സിന്‍റെ ഐപിഎല്‍ കിരീട നേട്ടങ്ങള്‍ക്ക് കാരണം ലോകോത്തര താരങ്ങള്‍, ചെന്നൈയുടേത് പക്ഷേ മറ്റൊന്ന് : ഹാര്‍ദിക് പാണ്ഡ്യ - ഐപിഎല്‍

മുംബൈ ഇന്ത്യന്‍സ് മികച്ച കളിക്കാരെ ടീമിലെത്തിച്ചും ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിലുള്ള താരങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവന്നുമാണ് ജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളതെന്ന് ഹാര്‍ദിക് പാണ്ഡ്യ

hardik pandya  mumbai indians  chennai super kings  hardik pandya compares mi and csk  IPL  IPL 2023  ഹാര്‍ദിക് പാണ്ഡ്യ  മുംബൈ ഇന്ത്യന്‍സ്  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ഐപിഎല്‍  ഐപിഎല്‍ 2023
IPL

By

Published : May 7, 2023, 2:12 PM IST

അഹമ്മദാബാദ് :ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. 2013ല്‍ ആദ്യ കിരീടം നേടിയ അവര്‍ പിന്നീട് നാല് പ്രാവശ്യം ഐപിഎല്‍ ചാമ്പ്യന്മാരായിരുന്നു. 2020ലാണ് മുംബൈ ഇന്ത്യന്‍സ് അവസാനമായി ഐപിഎല്‍ രാജാക്കന്മാരായത്.

പിന്നീടുള്ള രണ്ട് വര്‍ഷങ്ങളില്‍ പ്ലേ ഓഫിലേക്ക് കടക്കാന്‍ മുംബൈ ഇന്ത്യന്‍സിനായിരുന്നില്ല. 2021ല്‍ അഞ്ചാം സ്ഥാനക്കാരായി മടങ്ങിയ മുംബൈ തൊട്ടടുത്ത വര്‍ഷം പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്നു. രോഹിത്തിന് കീഴില്‍ മുംബൈ ഇന്ത്യന്‍സ് നാല് ഐപിഎല്‍ കിരീടങ്ങള്‍ ചൂടിയപ്പോഴും ടീമിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു ഹാര്‍ദിക് പാണ്ഡ്യ.

2022 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് വിട്ട താരം ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ചേരുകയായിരുന്നു. ഹാര്‍ദിക്കിന് കീഴില്‍ ആദ്യ പതിപ്പില്‍ തന്നെ കിരീടം നേടാന്‍ ഗുജറാത്തിന് സാധിച്ചിരുന്നു. ഇക്കുറിയും ഹാര്‍ദിക്കിന് കീഴില്‍ മികച്ച മുന്നേറ്റമാണ് ഗുജറാത്ത് ഐപിഎല്ലില്‍ നടത്തുന്നത്.

ഇതിന് പിന്നാലെ, മികച്ച കളിക്കാരുടെ സാന്നിധ്യം കൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമായി മാറിയതെന്ന് ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. ക്യാപ്‌റ്റന്‍സിയുടെ കാര്യത്തില്‍ താന്‍ എംഎസ് ധോണിയുടെ മാതൃകയാണ് പിന്തുടരുന്നതെന്നും ഗുജറാത്ത് നായകന്‍ വിശദീകരിച്ചു. ജിയോ സിനിമയിലൂടെയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ പ്രതികരണം.

'ഓരോ താരങ്ങളെ കൈകാര്യം ചെയ്യുന്നതിനും അവരുടെ മികച്ച പ്രകടനം പുറത്തുകൊണ്ട് വരുന്നതിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനും അവരുടെ നായകന്‍ എംഎസ് ധോണിക്കും അസാധാരണ മികവാണ് ഉള്ളത്. ഏത് താരമായാലും ചെന്നൈയിലേക്ക് എത്തിയാല്‍ അയാള്‍ തന്‍റെ ഏറ്റവും മികച്ച പ്രകടനം നടത്തുന്നതും അതുകൊണ്ടാണ്. ഓരോ താരങ്ങളുടെയും മികവ് പുറത്തെടുക്കാനായി ചെന്നൈ ഒരുക്കി നല്‍കുന്ന സാഹചര്യം മറ്റ് ടീമുകള്‍ക്കും മാതൃകയാണ്.

നാല് പ്രാവശ്യം ഐപിഎല്‍ കിരീടം നേടിയിട്ടുള്ള ടീമാണ് ചെന്നൈ. ഏറ്റവും മികച്ച കളിക്കാരായിരുന്നില്ല പലപ്പോഴും ചെന്നൈക്കായി കളത്തിലിറങ്ങിയിരുന്നത്. പക്ഷേ അവരെല്ലാം തന്നെ ആ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്.

എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ കാര്യം അങ്ങനെയല്ല. അവരെപ്പോഴും ഏറ്റവും മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നു. അവര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കിയും മികച്ച പരിശീലകരെ നല്‍കിയുമാണ് മുംബൈ ജയങ്ങള്‍ എല്ലാം തന്നെ സ്വന്തമാക്കിയത്.

മത്സരങ്ങളില്‍ രണ്ട് തരത്തിലുള്ള ജയങ്ങളാണ് നിങ്ങള്‍ക്ക് നേടാനാകുന്നത്. അതില്‍ ആദ്യത്തേതാണ് 'എ' മുതല്‍ 'ബി' വരെയുള്ള മികച്ച താരങ്ങളെ ടീമിലെത്തിക്കുക എന്നത്. മുംബൈ ടീം അങ്ങനെയായിരുന്നു കിരീടങ്ങള്‍ നേടിയത്.

രണ്ടാമത്തേത് വിജയം സ്വന്തമാക്കാനുള്ള സാഹചര്യം താരങ്ങള്‍ക്ക് ഒരുക്കി നല്‍കുന്നതിലൂടെയാണ്. ചെന്നൈ സൂപ്പര്‍ കിങ്സ് അതാണ് ചെയ്യുന്നത്. അവിടെ താരങ്ങളൊന്നും പ്രസക്തരല്ല.

ഏത് താരമായാലും അയാള്‍ക്ക് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് അവര്‍. കളിക്കാര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളില്‍ സംതൃപ്‌തരാകുമ്പോള്‍ അവര്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും.

Also Read :IPL 2023 | പാണ്ഡ്യ സഹോദരങ്ങള്‍ നേര്‍ക്കുനേര്‍ ; അഹമ്മദാബാദില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരം

എന്നെ കൂടുതല്‍ പ്രചോദിപ്പിക്കുന്ന ഒരു കാര്യമാണ് അത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നതിലല്ല, അവരുടെ മികച്ച പ്രകടനങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിലാണ് കാര്യം' - ഹാര്‍ദിക്ക് പറഞ്ഞു.

ABOUT THE AUTHOR

...view details