അഹമ്മദാബാദ് :സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ജയത്തോടെ ഐപിഎല്‍ പതിനാറാം പതിപ്പില്‍ പ്ലേഓഫിലേക്ക് മുന്നേറുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ്. 13 കളികളില്‍ നിന്ന് 18 പോയിന്‍റോടെയാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്ലേഓഫില്‍ സ്ഥാനം പിടിച്ചത്. സീസണില്‍ ഇനി ശേഷിക്കുന്ന ഒരു മത്സരം കൂടി ജയിച്ച് പോയിന്‍റ് പട്ടികയിലെ ഒന്നാമന്‍മാരായി ടൂര്‍ണമെന്‍റിന്‍റെ അടുത്തഘട്ടത്തില്‍ കളിക്കാനാകും ഹാര്‍ദിക് പാണ്ഡ്യയുടെയും സംഘത്തിന്‍റെയും ശ്രമം.
നിലവില്‍ 18 പോയിന്‍റുകളുള്ള ഗുജറാത്തിന് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് ഉറപ്പാണ്. ഇനി ഒന്നാം ക്വാളിഫയറില്‍ ആരായിരിക്കും ഗുജറാത്തിന്‍റെ എതിരാളികള്‍ എന്ന് മാത്രം അറിഞ്ഞാല്‍ മതി. ഹൈദരാബാദിനെതിരായ ജയത്തിന് പിന്നാലെ പ്ലേഓഫിലെ ആദ്യ ക്വാളിഫയറില്‍ കളിക്കാന്‍ അര്‍ഹരായ ടീം ഗുജറാത്ത് ടൈറ്റന്‍സ് ആണെന്ന് അവരുടെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.
'ടീമിന്‍റെ പ്രകടനത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷത്തിലും പ്ലേഓഫിലേക്ക് മുന്നേറാന്‍ സാധിച്ചു. കഴിഞ്ഞ സീസണ്‍ വളരെ വ്യത്യസ്‌തമായിരുന്നു.
ഈ വര്‍ഷം ഒരുപാട് വെല്ലുവിളികള്‍ ഉണ്ടാകുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഓരോ താരങ്ങളും വ്യത്യസ്‌ത സാഹചര്യങ്ങളില്‍ തങ്ങളുടെ മികവുറ്റ പ്രകടനം പുറത്തെടുത്തു. അതുകൊണ്ട് തന്നെ ക്വാളിഫയറില്‍ കളിക്കാന്‍ ഞങ്ങള്‍ അര്‍ഹരാണ്' - ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.
Also Read:IPL 2023 | 'രണ്ട് റണ്‍സും നാല് വിക്കറ്റും' ; ഗുജറാത്ത് ടൈറ്റന്‍സ് തകര്‍ന്നടിഞ്ഞ ഭുവനേശ്വര്‍ കുമാറിന്‍റെ അവസാന ഓവര്‍ : വീഡിയോ
സീസണില്‍ മറ്റൊരു ടീമിനും തങ്ങളെ മറികടക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും പാണ്ഡ്യ പറഞ്ഞു. 'ഇപ്പോള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. ഇനിയും മുന്നേറാം എന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍.
പല മേഖലകളിലും മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ക്കായി. ചെറിയ ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ സീസണില്‍ ഒരു ടീമിനും ഞങ്ങളെ മറികടക്കാനാകുമെന്ന് തോന്നുന്നില്ല.
താരങ്ങളെല്ലാം ആവശ്യമുള്ളിടത്ത് തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനാലാണ് ഞങ്ങള്‍ ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത്' - ഹാര്‍ദിക് പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു. സണ്‍റൈസേഴ്‌സിനെതിരായ ജയത്തിന്‍റെ ക്രെഡിറ്റ് ബൗളര്‍മാര്‍ക്കുള്ളതാണെന്നും ഗുജറാത്ത് നായകന്‍ അഭിപ്രായപ്പെട്ടു.
Also Read :IPL 2023| ആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞിട്ടു; ഹൈദരാബാദിനെ തകർത്ത് ഗുജറാത്ത് പ്ലേ ഓഫില്‍
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 34 റണ്‍സിന്‍റെ ജയമാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് 188 റണ്‍സാണ് നേടിയത്. ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ സെഞ്ച്വറിക്കരുത്തിലായിരുന്നു ഗുജറാത്ത് ഭേദപ്പെട്ട സ്‌കോര്‍ അടിച്ചെടുത്തത്.
മറുപടി ബാറ്റിങ്ങില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ പോരാട്ടം 9 വിക്കറ്റ് നഷ്‌ടത്തില്‍ 154 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. നാല് വിക്കറ്റ് വീതം വീഴ്‌ത്തിയ മുഹമ്മദ് ഷമി, മോഹിത് ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് ഗുജറാത്തിന് അനായാസ ജയം സമ്മാനിച്ചത്.