അഹമ്മദാബാദ് :ആദ്യ സീസണില്‍ തന്നെ ഐപിഎല്‍ കിരീടം നേടി പല വമ്പന്‍മാരെയും ഞെട്ടിച്ച ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഹര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ ഒത്തിണക്കത്തോടെ കളിച്ചായിരുന്നു അവരുടെ മുന്നേറ്റം. ആദ്യ കിരീടത്തിലേക്ക് എത്തിയ യാത്രയില്‍ പരിശീലകന്‍ ആശിഷ് നെഹ്‌റയുടെ തന്ത്രങ്ങളും എടുത്ത് പറയേണ്ടതാണ്.
നെഹ്‌റയൊരുക്കിയ തന്ത്രങ്ങള്‍ ഗുജറാത്തിന് വേണ്ടി കൃത്യമായി മൈതാനത്ത് നടപ്പിലാക്കാന്‍ അവരുടെ നായകനും സാധിച്ചിരുന്നു. നായകനായി ആദ്യ സീസണില്‍ തന്നെ ഐപിഎല്‍ കിരീടം ചൂടിയ ഹാര്‍ദിക്കിന് പിന്നീട് ഇന്ത്യന്‍ ടീമിനെ നയിക്കാനും സാധിച്ചു.
ഒരുകാലത്ത് ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമായ മുംബൈ ഇന്ത്യന്‍സിന്‍റെ ഭാവിയെന്ന വിശേഷണം സ്വന്തമാക്കിയ താരമായിരുന്നു ഹര്‍ദിക്. 2015ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ ഐപിഎല്ലില്‍ അരങ്ങേറ്റം നടത്തിയ താരം അതിവേഗത്തിലാണ് മിന്നും പ്രകടനം പുറത്തെടുത്ത് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. 2015, 2017, 2019, 2020 സീസണുകളില്‍ മുംബൈ ഐപിഎല്‍ കിരീടം നേടിയപ്പോള്‍ ടീമിലെ പ്രധാന താരമായും ഹര്‍ദിക് ഉണ്ടായിരുന്നു.
എന്നാല്‍ 2022ലെ താരലേലത്തിന് മുന്‍പായാണ് ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍ റിലീസ് ചെയ്യുന്നത്. ഇതോടെയാണ് താരം ഗുജറാത്തിലേക്ക് എത്തുന്നത്. മുംബൈയില്‍ നിന്നും ഗുജറാത്തിലേക്കുള്ള കൂടുമാറ്റം, ഹര്‍ദിക് എന്ന നായകന്‍റെ കൂടി പിറവി ആയിരുന്നു എന്ന് വേണം പറയാന്‍.
എന്നാല്‍, മുംബൈ വിട്ട താന്‍ ആദ്യം കളിക്കാന്‍ തീരുമാനിച്ചിരുന്നത് മറ്റൊരു ടീമിന് വേണ്ടിയാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ. കെ എല്‍ രാഹുല്‍ നായകനായ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനൊപ്പമാണ് ഹര്‍ദിക് കരാറിന്‍റെ വക്കുവരെ എത്തിയത്.