മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിന്‍റെ 16-ാം സീസണിന്‍റെ രണ്ടാം ഘട്ടത്തിലാണുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിനെ സംബന്ധിച്ച്, ഫ്രാഞ്ചൈസി മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു സീസണാവുമിതെന്ന കാര്യത്തില്‍ വലിയ തര്‍ക്കമുണ്ടാകില്ല. കാരണം സീസണില്‍ എട്ട് മത്സരങ്ങള്‍ കളിച്ച ഡല്‍ഹിക്ക് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിജയം നേടാന്‍ കഴിഞ്ഞത്.
നിലവിലെ പോയിന്‍റ് പട്ടികയിലാവട്ടെ ഡേവിഡ് വാർണറുടെ നേതൃത്വത്തിലുള്ള ടീം ഏറ്റവും അവസാന സ്ഥാനത്താണ്. സീസണില്‍ ഡൽഹിയുടെ മോശം പ്രകടനത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത് വാർണറുടെ ക്യാപ്റ്റൻസിയും ബാറ്റിങ്ങുമാണ്.
തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയ ഡല്‍ഹി തുടര്‍ന്ന് രണ്ട് മത്സരങ്ങളില്‍ വിജയം പിടിച്ചതോടെ ഈ വിമര്‍ശനങ്ങള്‍ ഒരല്‍പ്പം കുറഞ്ഞിരുന്നു. എന്നാല്‍ ശനിയാഴ്‌ച നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് കീഴടങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും തോല്‍വിയുടെ വഴിയിലേക്ക് തിരികെ എത്തി. ഇതിന് പിന്നാലെ ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണര്‍ക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹർഭജൻ സിങ്.
തോല്‍വിയുടെ ഉത്തരവാദിത്തം വാര്‍ണര്‍ക്ക്:ഈ സീസണിലെ ഡല്‍ഹിയുടെ മോശം പ്രകടനത്തിന്‍റെ മുഴുവൻ ഉത്തരവാദിത്തവും വാർണറുടെ മേൽ ചുമത്തുകയാണ് ഹര്‍ഭജന്‍ ചെയ്‌തിരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ വാര്‍ണര്‍ നേരത്തെ പുറത്തായിരുന്നില്ലെങ്കില്‍ ഡല്‍ഹിയുടെ തോല്‍വി ഭാരം കൂടിയേനെയെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. സീസണില്‍ ഡല്‍ഹിക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നും ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു.
"അവർക്ക് ഒരു തിരിച്ചുവരവ് നടത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല, അതിന്‍റെ മുഴുവൻ കാരണവും ക്യാപ്റ്റനാണ്. അദ്ദേഹം ടീമിനെ നന്നായല്ല നയിച്ചത്. അദ്ദേഹത്തിന്‍റെ ഫോമും ഒരു പ്രശ്‌നമായിരുന്നു.
തീര്‍ച്ചയായും വളരെ നിരാശാജനകമായ കാര്യമാണിത്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ വാര്‍ണര്‍ നേരത്തെ പുറത്തായതുകൊണ്ടാണ് ഡല്‍ഹി ലക്ഷ്യത്തിന് ഇത്ര അടുത്തെത്തിയത്. അദ്ദേഹം 50 പന്തുകൾ കളിച്ചിരുന്നെങ്കിൽ, ആ 50 പന്തുകളും പാഴായിപ്പോവുകയും ഡല്‍ഹി 50 റണ്‍സിന് തോല്‍ക്കുകയും ചെയ്യുമായിരുന്നു", ഹർഭജൻ പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നറുടെ പ്രതികരണം.
സ്വയം വിമര്‍ശനത്തിന് തയ്യാറാവണം:മറ്റ് താരങ്ങളുടെ തെറ്റുകളെക്കുറിച്ച് പറയുന്ന വാര്‍ണര്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാവാണമെന്നും ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു. വാര്‍ണര്‍ക്ക് കൂടുതല്‍ റണ്‍സ് നേടാന്‍ കഴിഞ്ഞുവെങ്കിലും മോശം സ്‌ട്രൈക്ക് റേറ്റിനാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് അതു പ്രയോജനപ്പെട്ടിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. "ഇപ്പോഴും, അവതരണത്തിനെത്തുമ്പോള്‍, അദ്ദേഹം മറ്റ് കളിക്കാരുടെ തെറ്റുകളെക്കുറിച്ച് പറയുന്നു. പക്ഷേ നിങ്ങൾ എന്താണ് ചെയ്‌തത്?.
നിങ്ങളുടെ ബാറ്റിങ് രീതി ടീമിന് ഗുണം ചെയ്യുന്നതായിരുന്നില്ല. നിങ്ങൾ 300-ല്‍ ഏറെ റൺസ് നേടി. എന്നാല്‍ നിങ്ങളുടെ സ്‌ട്രൈക്ക് റേറ്റ് നോക്കുക. ഈ വര്‍ഷം തന്‍റെ പ്രതിഭയോട് നീതി പുലര്‍ത്താന്‍ വാര്‍ണക്ക് കഴിഞ്ഞിട്ടില്ലെന്ന് തന്നെയാണത് കാണിക്കുന്നത്.
ആ 300 റണ്‍സ് കൊണ്ട് ഡല്‍ഹിക്ക് ഒരു പ്രയോജനവുമില്ല. ഡല്‍ഹി ഏറ്റവും താഴെയുള്ളതിന്‍റെ കാരണം കണ്ടെത്തണമെങ്കിൽ വാർണർ കണ്ണാടിയിൽ നോക്കണം", ഹർഭജൻ പറഞ്ഞു. ഡൽഹി ക്യാപിറ്റൽസ് അക്ഷർ പട്ടേലിന് ടീമിന്‍റെ ക്യാപ്റ്റൻസി നൽകണമെന്നും തന്‍റെ വീഡിയോയില്‍ ഹര്‍ഭജന്‍ പറയുന്നുണ്ട്.
കളിച്ച എട്ട് മത്സരങ്ങളിൽ 38.5 ശരാശരിയിൽ 306 റൺസ് നേടിയ വാര്‍ണര്‍ സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നില്‍ തന്നെയുണ്ടെങ്കിലും 118.60 മാത്രമാണ് താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ്. ഐപിഎല്ലിന്‍റെ ലീഗ് ഘട്ടത്തിൽ ഇനി ആറ് മത്സരങ്ങൾ മാത്രം ശേഷിക്കെ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഡൽഹിക്ക് മിക്കവാറും എല്ലാ മത്സരങ്ങളും ജയിക്കേണ്ടതുണ്ട്.
ALSO READ: IPL 2023 | 'സഞ്‌ജുവിന്‍റെ ക്യാപ്‌റ്റന്‍സി ധോണിയുടേത് പോലെ'; രവി ശാസ്‌ത്രി