മുംബൈ : അജിങ്ക്യ രഹാനെയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്‌ടമാകും. ഹാംസ്ട്രിംഗ് പരിക്കിനെ തുടർന്നാണ് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന് ഫ്രാഞ്ചൈസി അറിയിച്ചു. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് രഹാനെയ്ക്ക് പരിക്കേറ്റത്.
'ഹാംസ്ട്രിംഗിനേറ്റ പരിക്ക് കാരണം അജിങ്ക്യ രഹാനെയ്ക്ക് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്‌ടമാകും. നിങ്ങൾക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ, കൊൽക്കത്ത ക്യാമ്പ് നിങ്ങളെ മിസ്സ് ചെയ്യും' - കൊൽക്കത്ത, ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്‌ത ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി.
അതേ ട്വീറ്റിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ രഹാനെ പറഞ്ഞു, 'ടീമിലെ എല്ലാവരുമൊത്ത് കളിക്കളത്തിലും പുറത്തും സമയം ഞാൻ ആസ്വദിച്ചു. ഒരു ക്രിക്കറ്റെറെന്ന നിലയിൽ ജീവിതത്തെക്കുറിച്ചും മറ്റ് പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചും ഒരുപാട് കാര്യങ്ങൾ മനസിലാക്കാനായി. അടുത്ത വർഷം ഞാൻ ശക്തമായി തിരിച്ചുവരും, ഞങ്ങൾ ഒരു ടീമെന്ന നിലയിൽ നന്നായി പ്രവർത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾ പ്ലേ ഓഫിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു.
നവി മുംബൈയിലെ ഡി. വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന ലീഗ് മത്സരത്തിൽ കൊൽക്കത്ത ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെ നേരിടും. ഏഴ് തോൽവികളും ആറ് വിജയങ്ങളുമായി 12 പോയിന്‍റുമായി കെകെആർ ആറാം സ്ഥാനത്താണ്. അടുത്ത മത്സരത്തിൽ വലിയ മാർജിനിൽ വിജയിക്കാനായാൽ മാത്രമേ കൊൽക്കത്തയ്‌ക്ക് നോക്കൗട്ട് പ്രതീക്ഷയുള്ളൂ.