അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണ്‍ ജയിച്ച് തുടങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് കനത്ത തിരിച്ചടി. പരിക്കേറ്റ കെയ്‌ന്‍ വില്യംസണിന് സീസണ്‍ പൂര്‍ണമായും നഷ്‌ടമാകുമെന്ന് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഉദ്‌ഘാടന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് കെയ്‌ന്‍ വില്യംസണിന് പരിക്കേറ്റത്.
ഫീല്‍ഡിങ്ങിനിടെ താരത്തിന്‍റെ വലത് കാല്‍മുട്ടിനാണ് പരിക്ക് പറ്റിയത്. ചെന്നൈ ഇന്നിങ്‌സിന്‍റെ 13-ാം ഓവറിലായിരുന്നു ഈ സംഭവം. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ 32കാരനായ കിവീസ് താരത്തിന്‍റെ കാലില്‍ പരിക്കേല്‍ക്കുകയായിരുന്നു.
ചെന്നൈ ഒപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ സിക്‌സര്‍ ശ്രമം തടയുന്നതിനിടെയാണ് വില്യംസണ്‍ നിലതെറ്റി വീണത്. ഈ സമയത്തായിരുന്നു അദ്ദേഹത്തിന്‍റെ കാല്‍മുട്ട് നിലത്തിടിച്ചത്. പിന്നാലെ വേദനകൊണ്ട് പുളഞ്ഞ താരം രണ്ട് കൈകളും ഉപയോഗിച്ച് വലത് കാലില്‍ മുറുകെ പിടിക്കുന്നതും കാണാമായിരുന്നു.
തുടര്‍ന്ന് ടീം സപ്പോര്‍ട്ടിങ് സ്റ്റാഫിന്‍റെ സഹായത്തോടെയാണ് വില്യംസണ്‍ കളം വിട്ടത്. തുടര്‍ന്ന് ബാറ്റ് ചെയ്യാനും അദ്ദേഹം എത്തിയിരുന്നില്ല. സായി സുദർശനെയാണ് പിന്നീട് മുന്‍ ന്യൂസിലന്‍ഡ് നായകന്‍റെ പകരക്കാരനായി ഗുജറാത്ത് കളത്തിലിറക്കിയത്.
കഴിഞ്ഞ താരലേലത്തില്‍ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്‌ക്കാണ് കെയ്‌ന്‍ വില്യംസണിനെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു വില്യംസണ്‍. ഇത്തവണ ശ്രീലങ്കയ്‌ക്ക് എതിരായ ന്യൂസിലന്‍ഡിന്‍റെ ഏകദിന, ടി20 പരമ്പരകള്‍ ഒഴിവാക്കിയാണ് വില്യംസണ്‍ ഐപിഎല്ലില്‍ പങ്കെടുക്കാനെത്തിയത്.
അതേസമയം, കെയ്‌ന്‍ വില്യംസണിന് പരിക്ക് മൂലം ഈ സീസണ്‍ മുഴുവന്‍ നഷ്‌ടമാകുന്നത് ഗുജറാത്തിന് കനത്ത തിരിച്ചടിയാണ്. കിവീസ് താരത്തിന്‍റെ പകരക്കാരനെ ടീം ഇതുവരയെും കണ്ടെത്തിയിട്ടില്ല. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്.