മുംബൈ: സ്‌റ്റമ്പില്‍ പന്ത് കൊണ്ടിട്ടും പുറത്താകാതെ ഗ്ലെന്‍ മാക്‌സ്‌വെല്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേരിട്ട ആദ്യ പന്തിലാണ് ഓസീസ് താരത്തിനെ ഭാഗ്യം തുണച്ചത്. റാഷിദ് ഖാന്‍ എറിഞ്ഞ ഓവറിലെ ബോള്‍ സ്‌റ്റമ്പില്‍ കൊണ്ടിട്ടും ബെയില്‍സ് വീഴാത്തതിനെ തുടര്‍ന്ന് താരം അവിശ്വസനീയമായി രക്ഷപ്പെടുകയായിരുന്നു.
ഭാഗ്യം മുതലാക്കി വെടിക്കെട്ട് പ്രകടനം നടത്തിയ മാക്‌സ്‌വെല്ലാണ് ടീമിനെ നിര്‍ണായക വിജയത്തിലെത്തിച്ചത്. 18 പന്തില്‍ അഞ്ച് ഫോറിന്‍റെയും, രണ്ട് സിക്‌സിന്‍റെയും അകമ്പടിയോടെ 40 റണ്‍സുമായി മാക്‌സ്‌വെല്‍ മത്സരത്തില്‍ പുറത്താകാതെ നിന്നു. ഈ ഐപിഎല്‍ സീസണില്‍ ബൗള്‍ഡ് ആയിട്ടും ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്ന രണ്ടാമത്തെ താരമാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍.