അഹമ്മദാബാദ്: പരിചയ സമ്പത്ത് ഏറെയുള്ള വിരാട് കോലി, ഫാഫ് ഡുപ്ലെസിസ്, ദിനേഷ് കാർത്തിക്ക് എന്നിവരടക്കം നിരവധി താരങ്ങളടങ്ങിയ ബാംഗ്ലൂരിനെതിരെ ആധികാരികജയത്തോടെയാണ് സഞ്ജുവും സംഘവും ഐപിഎല്ലിന്‍റെ ഫൈനലില്‍ എത്തുന്നത്. നിരന്തരം വിമർശനങ്ങളുടെ കൂരമ്പു കൊണ്ട് തന്നെ വേട്ടയാടിയവർക്കും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതെ അവഗണിച്ചവർക്കും മറുപടിയെന്നോണമാണ് സഞ്ജുവിന്‍റെ ഫൈനൽ പ്രവേശം. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി താരം നയിക്കുന്ന ടീം ഫൈനലിനെത്തുന്നത് എന്ന നേട്ടവും താരത്തിന് സ്വന്തമായി.
2008ന് ശേഷം രാജസ്ഥാന്‍ റോയല്‍സ് ഇതാദ്യമായാണ് ഐ.പി.എല്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. 2008-ൽ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപിച്ച് പ്രഥമ ഐ.പി.എല്‍ കിരീടം രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. അതിനുശേഷം 2013, 2015, 2018 സീസണുകളില്‍ പ്ലേ ഓഫിലെത്തിയെങ്കിലും ഫൈനല്‍ കാണാതെ പുറത്തായി. ഇതിഹാസ താരം ഷെയ്ന്‍ വോണിന് ശേഷം രാജസ്ഥാനെ ഫൈനലിലെത്തിക്കുന്ന ആദ്യ നായകന്‍ എന്ന നേട്ടം സഞ്ജു സ്വന്തമാക്കി. സഞ്ജുവിന്‍റെ മികച്ച ക്യാപ്റ്റന്‍സിയാണ് രാജസ്ഥാന് ഫൈനലിലേക്കുള്ള വഴിവെട്ടിയത്.
ഈ സീസണിൽ നായകനെന്ന നിലയിലും ബാറ്റെറെന്ന നിലയിലും മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരം തന്നെ ഒരുദാഹരണം. മികച്ച സ്‌കോറിലേക്ക് പോകുമായിരുന്ന ആര്‍സിബിയെ നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സിക്ക് വലിയ പങ്കുണ്ടായിരുന്നു. ഇതുവരെ 16 മത്സരങ്ങളില്‍നിന്നായി 147.51സ്ട്രൈക്ക് റേറ്റിൽ 444 റണ്‍സാണ് സമ്പാദ്യം. വ്യക്തിഗത നേട്ടങ്ങളെക്കാള്‍ ടീമിന് വേണ്ടിയാണ് കളിക്കുന്നതെന്ന് പലപ്പോഴും വ്യക്തമാണ്.