ബെംഗളൂരു:കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഫിനിഷര്‍ റോളില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ താരമാണ് ദിനേശ് കാര്‍ത്തിക്. എന്നാല്‍ പതിനാറാം പതിപ്പിലെ ആ മികവിലേക്ക് ഉയരാന്‍ ഇതുവരെയും കാര്‍ത്തിക്കിനായിട്ടില്ല. ആദ്യ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ താരം ഇതുവരെ 63 പന്ത് നേരിട്ട് 83 റണ്‍സാണ് നേടിയത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ അവസാന മത്സരത്തില്‍ 18 പന്തില്‍ 22 റണ്‍സ് നേടാനാണ് കാര്‍ത്തിക്കിനായത്. മഹിപാല്‍ ലോംറോര്‍ പുറത്തായതിന് പിന്നാലെ ആറാമനായി ആയിരുന്നു കാര്‍ത്തിക്ക് ക്രീസിലേക്ക് എത്തിയത്. ഈ സമയം 113-4 എന്ന നിലയിലായിരുന്നു ആര്‍സിബി.
തൊട്ടടുത്ത ഓവറില്‍ അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോലിയെയും ആര്‍സിബിക്ക് നഷ്‌ടമായി. ഇതോടെ 115-5 എന്ന നിലയിലേക്ക് ആര്‍സിബി വീണു. പിന്നീട് കാര്‍ത്തിക്കിലായിരുന്നു ആരാധകരുടെ പ്രതീക്ഷ.
എന്നാല്‍ ആരാധകരുടെ പ്രതീക്ഷ കാക്കാന്‍ കാര്‍ത്തിക്കിനായില്ല. നിര്‍ണായക കൂട്ടുകെട്ട് ഉണ്ടാക്കേണ്ട സാഹചര്യത്തില്‍ സുയഷ് പ്രഭുദേശായിയുടെ റണ്‍ ഔട്ടിനും കാര്‍ത്തിക് കാരണക്കാരനായി മാറി. ഇരു താരങ്ങള്‍ക്കുമിടയിലെ ആശയവിനിമയത്തിലുണ്ടായ പ്രശ്‌നം മൂലമായിരുന്നു ആര്‍സിബിക്ക് ഈ വിക്കറ്റ് നഷ്‌ടമായത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് കാര്‍ത്തിക് ക്രീസില്‍ നില്‍ക്കെ പ്രഭുദേശായി റണ്‍ ഔട്ട് ആകുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലായിരുന്നു ആദ്യം പ്രഭുദേശായി റണ്‍ഔട്ട് ആയത്. ഇതിന് പിന്നാലെ കാര്‍ത്തിക്കിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.