ഹൈദരാബാദ്:ഐപിഎല്‍ പതിനാറാം പതിപ്പില്‍ മിന്നും ഫോമിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണര്‍മാരായ നായകന്‍ ഫാഫ് ഡുപ്ലെസിസും വിരാട് കോലിയും. സീസണിന്‍റെ തുടക്കം മുതല്‍ ആര്‍സിബിക്കായി റണ്‍സടിച്ചുകൂട്ടുകയാണ് ഇരുവരും. ഇവര്‍ രണ്ടുപേരുടെയും പ്രകടനത്തിന്‍റെ കരുത്തിലാണ് ടീമിന്‍റെ കുതിപ്പും.
ഇന്നലെ, ഹൈദരാബാദിനെതിരായ മത്സരത്തിലും ഫാഫ്-വിരാട് സഖ്യം ആര്‍സിബിക്കായി റണ്‍സടിച്ചുകൂട്ടി. മത്സരത്തില്‍ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിക്കായി ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 172 റണ്‍സാണ് നേടിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തോടെ ഐപിഎല്ലിലെ ഒരു റെക്കോഡും ഫാഫ് കോലി ജോഡികള്‍ സ്വന്തമാക്കി.
ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിക്കുന്ന ഓപ്പണിങ് ജോഡിയെന്ന റെക്കോഡാണ് ഇന്നലെ വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും ചേര്‍ന്ന് സ്വന്തമാക്കിയത്. ഇരുവരും ഈ സീസണില്‍ ഇതുവരെ 872 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടിയിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളായിരുന്ന ഡേവിഡ് വാര്‍ണറിന്‍റെയും ജോണി ബെയര്‍സ്റ്റോയുടെയും പേരിലുണ്ടായിരുന്ന റെക്കോഡാണ് ആര്‍സിബി ഓപ്പണര്‍മാര്‍ പഴങ്കഥയാക്കിയത്.
ഐപിഎല്‍ 2019 സീസണില്‍ വാര്‍ണറും ബെയര്‍സ്റ്റോയും ചേര്‍ന്ന് 791 റണ്‍സ് നേടിയിരുന്നു. ഇന്നലത്തെ പ്രകടനത്തോടെ ഒറ്റ സീസണില്‍ ആദ്യ വിക്കറ്റില്‍ 800 റണ്‍സ് അടിച്ചെടുക്കുന്ന ജോഡികളായും വിരാട്-ഡുപ്ലെസിസ് സഖ്യം മാറി. ഈ സീസണില്‍ മൂന്ന് സെഞ്ച്വറി കൂട്ടുകെട്ടും നാല് അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുമാണ് ആര്‍സിബി ഓപ്പണര്‍മാര്‍ നേടിയിട്ടുള്ളത്.