ഹൈദരാബാദ്:ഐപിഎല്‍ പതിനാറാം പതിപ്പിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും തമ്മിലുള്ളത്. സീസണിലെ ആദ്യ മത്സരം മുതല്‍ ആര്‍സിബിക്കായി റണ്‍സടിച്ചു തുടങ്ങിയ ഇരുവരും ഇപ്പോഴും അത് തുടരുന്നുണ്ട്. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലും തങ്ങളുടെ മിന്നും പ്രകടനം ഇരുവരും ആവര്‍ത്തിച്ചിരുന്നു.
രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ 187 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിക്കായി ഇരുവരും ആദ്യ വിക്കറ്റില്‍ 172 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇന്നലത്തെ പ്രകടനത്തോടെ ഒറ്റ ഐപിഎല്‍ സീസണില്‍ ആദ്യ വിക്കറ്റില്‍ കൂടുതല്‍ റണ്‍സടിച്ചുകൂട്ടിയ ജോഡികളായും ഇരുവരും മാറിയിരുന്നു. പിന്നാലെ വിരാട് കോലിക്കൊപ്പം കളിക്കുന്നതില്‍ തന്‍റെ അനുഭവം ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലെസിസ് വ്യക്തമാക്കിയിരുന്നു.
ഹൈദരാബാദിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ ജയം ആര്‍സിബി സ്വന്തമാക്കിയപ്പോള്‍ വിരാട് കോലി 100 റണ്‍സും ഡുപ്ലെസിസ് 71 റണ്‍സ് നേടിയായിരുന്നു മടങ്ങിയത്. ഇതിന് പിന്നാലെ ആയിരുന്നു ഡുപ്ലെസിസിന്‍റെ പ്രതികരണം. കോലിക്ക് എതിരെ കളിക്കുന്നതിനേക്കാള്‍ ഒപ്പം കളിക്കുന്നതാണ് മികച്ച അനുഭവമെന്നായിരുന്നു ബാംഗ്ലൂര്‍ നായകന്‍റെ പ്രതികരണം.
'ഒരോ മത്സരത്തേയും അഭിമുഖീകരിക്കുന്ന പാഷന്‍ തന്നെയാണ് വിരാടിന്‍റെ ഏറ്റവും വലിയ കാര്യം. കൗതുകത്തോടെയായിരുന്നു ഓരോ പ്രാവശ്യവും വിരാടിനെതിരെ ഞാന്‍ കളിക്കുന്നത്. ഒരു മത്സരത്തില്‍ ഓരോ വിക്കറ്റ് വീഴുമ്പോഴും അയാള്‍ക്കുണ്ടാകുന്ന ആവേശം പലപ്പോഴും എന്നെ അത്‌ഭുതപ്പെടുത്താറുണ്ട്.
അതിപ്പോള്‍, എതിര്‍ ടീമിന്‍റെ ആദ്യ വിക്കറ്റായാലും അവസാന വിക്കറ്റായാലും ഒരു പോലെ തന്നെയായിരിക്കും വിരാട് കോലിക്കുളള ആവേശം. ഇപ്പോള്‍ നമ്മള്‍ ഒരേ ടീമിലെ അംഗങ്ങളാണ്. സത്യസന്ധമായി പറഞ്ഞാല്‍ അവനെതിരെ കളിക്കുന്നതിനേക്കാള്‍ മികച്ച അനുഭവമാണ് അവനൊപ്പം ഒരു ടീമില്‍ കളിക്കുന്നത്', ഡുപ്ലെസിസ് പറഞ്ഞു.