ഹൈദരാബാദ് : ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. തന്‍റെ കരിയറിന്‍റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴും ധോണിക്ക് കിട്ടുന്ന ആരാധക പിന്തുണ മറ്റേതൊരു താരത്തിനും സ്വപ്‌നം കാണാൻ കഴിയുന്നതിലും അപ്പുറമാണ്. പല മുൻനിര ക്രിക്കറ്റ് താരങ്ങളും ധോണിയിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്.
ഇപ്പോൾ ധോണിയോടൊപ്പം കളിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് ചെന്നൈയുടെ മുൻ താരവും നിലവിൽ ബാംഗ്ലൂരിന്‍റെ നായകനുമായ ഫഫ് ഡു പ്ലസിസ്. തന്‍റെ കരിയറിലുടനീളം മികച്ച നായകൻമാരുടെ കീഴിൽ കളിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഇവരിൽ നിന്ന് ലഭിച്ച സ്വാധീനം വളരെ വലുതാണെന്നുമാണ് ഡു പ്ലസിസ് വ്യക്‌തമാക്കിയത്.
'ക്രിക്കറ്റിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ കഴിയുന്ന ക്യാപ്‌റ്റൻമാർക്ക് കീഴിൽ കളിക്കാൻ കഴിഞ്ഞത് വളരെ ഭാഗ്യമായാണ് ഞാൻ കരുതുന്നത്. ഞാൻ ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി കളിക്കുമ്പോൾ ഗ്രെയിം സ്‌മിത്തായിരുന്നു ടീമിന്‍റെ നായകൻ. പിന്നാലെ ഞാൻ ചെന്നൈയിലേക്കെത്തി. അവിടെ ധോണിയായിരുന്നു എന്‍റെ നായകൻ. ആ സീസണിൽ എനിക്ക് മത്സരങ്ങൾ കളിക്കാൻ സാധിച്ചില്ല.
എന്നിരുന്നാൽ പോലും ആ സീസണിൽ കൂടുതൽ കാര്യങ്ങൾ പഠിക്കുക എന്നതായിരുന്നു എന്‍റെ ലക്ഷ്യം. ഞാൻ ചെന്നൈ കോച്ച് സ്റ്റീഫൻ ഫ്ലെമിങിന്‍റെ അടുത്ത് ഇരുന്ന് സംശയങ്ങൾ ചോദിച്ച് കൊണ്ടിരിക്കും. ക്യാപ്‌റ്റൻസിയെക്കുറിച്ചുള്ള കാര്യങ്ങൾ ചോദിക്കും. ഒരു പക്ഷേ അദ്ദേഹം പ്രതീക്ഷിച്ചതിലും കൂടുതൽ കാര്യങ്ങൾ ഞാൻ ചോദിച്ച് മനസിലാക്കിയിരുന്നു. ആദ്യ സീസണ്‍ മുതൽ ഞാൻ ധോണിയെ ദൂരെ നിന്ന് നിരീക്ഷിച്ച് കൊണ്ടിരുന്നു.