ഹൈദരാബാദ്:ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 72 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍ അപ്പുകളായ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം വേദിയായ മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 203 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദിന്‍റെ പോരാട്ടം 8ന് 131 എന്ന നിലയില്‍ അവസാനിച്ചു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന് വേണ്ടി ക്യാപ്‌റ്റന്‍ സഞ്‌ജു സാംസണ്‍, ജോസ് ബട്‌ലര്‍, യശ്വസി ജെയ്‌സ്വാള്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ബട്‌ലറും ജെയ്‌സ്വാളും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമായിരുന്നു സന്ദര്‍ശകര്‍ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 5.5 ഓവറില്‍ 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
22 പന്തില്‍ 54 റണ്‍സ് നേടിയ ബട്‌ലറിന്‍റെ വിക്കറ്റ് നഷ്‌ടപ്പെട്ടതിന് ശേഷം ക്രീസിലെത്തിയത് രാജസ്ഥാന്‍ നായകന്‍ സഞ്‌ജു സാംസണാണ്. ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച സഞ്‌ജു 32 പന്തില്‍ 55 റണ്‍സ് നേടി പുറത്താകുകയായിരുന്നു. 171.88 പ്രഹരശേഷിയില്‍ ബാറ്റ് വീശിയ സഞ്‌ജു തന്‍റെ ഇന്നിങ്‌സില്‍ മൂന്ന് ഫോറും നാല് സിക്‌സും നേടി.
മത്സരത്തിന് പിന്നാലെ സഞ്‌ജു സാംസണിന്‍റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗന്‍. സഞ്‌ജുവിന് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കൂടുതല്‍ അവസരം ലഭിക്കാത്തത് അവിശ്വസനീയമാണെന്നും മോര്‍ഗന്‍ പറഞ്ഞു.
'ഇത്രയും അനായാസമായ രീതിയല്‍ ബാറ്റ് ചെയ്യുന്ന ഒരു താരത്തിന് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കൂടുതല്‍ അവസരം ലഭിക്കുന്നില്ല എന്നത് വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ്. ബാക്ക്ഫൂട്ടില്‍ അവന്‍ കളിക്കുന്ന ഷോട്ടുകളും അവയുടെ ശക്തിയും അവിശ്വസനീയമാണ്'- ജിയോ സിനിമയിലൂടെ മോര്‍ഗന്‍ പറഞ്ഞു.