മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ നാല് തോൽവിക്ക് ശേഷം ചെന്നൈ സൂപ്പർ കിങ്സിന് ആദ്യ ജയം. കരുത്തരായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 23 റണ്‍സിന് തകര്‍ത്താണ് ചെന്നൈ ആദ്യ വിജയം നേടിയത്. റോബിന്‍ ഉത്തപ്പയുടെയും ശിവം ദുബെയുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 216 റണ്‍സെടുത്ത ചെന്നൈക്ക് മറുപടിയായി ബാംഗ്ലൂരിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 193 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ചെന്നൈയുടെ കൂറ്റൻ സ്‌കോർ പിന്തുടർന്ന ബാംഗ്ലൂരിന്‍റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ടീം സ്‌കോര്‍ 14-ല്‍ നില്‍ക്കെ എട്ട് റൺസെടുത്ത നായകന്‍ ഫാഫ് ഡുപ്ലെസിയെ മഹീഷ് തീക്ഷണ പുറത്താക്കി. മുകേഷ് ചൗധരി എറിഞ്ഞ അഞ്ചാം ഓവറില്‍ ഒരു റണ്‍ മാത്രമെടുത്ത വിരാട് കോലിയും പുറത്തായി. പിന്നാലെ ക്രീസിലെത്തിയ മാക്‌സ്‌വെൽ വെടിക്കെട്ടിന് തിരികൊളുത്തി.
പക്ഷെ നിലയുറപ്പിക്കാൻ ബുദ്ധിമുട്ടിയ അനുജ് റാവത്തിനെ തീക്ഷണ മടക്കി. 12 റൺസായിരുന്നു അനുജിന്‍റെ സമ്പാദ്യം. പിന്നാലെ ജഡേജയുടെ പന്തിൽ ക്ലീന്‍ ബൗള്‍ഡായി 11 പന്തില്‍ 26 റൺസെടുത്ത മാക്‌സ്‌വെല്ലും മടങ്ങി. പിന്നീട് ക്രീസിലൊന്നിച്ച ഷഹബാസ് അഹമ്മദും പുതുമുഖതാരം സുയാഷ് പ്രഭുദേശായിയും ചേര്‍ന്ന് സ്കോര്‍ 100 കടത്തിയെങ്കിലും ചെന്നൈയുടെ വമ്പന്‍ സ്കോര്‍ മറികടക്കാനുള്ള വേഗമില്ലായിരുന്നു.