ചെന്നൈ: ഐ.പി.എല്ലിന്‍റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് താരം ദേവ്ദത്ത് പടിക്കലിന് കൊവിഡ്. ഞായറാഴ്ചയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ആർ.സി.ബിയുടെ ബയോ സെക്യുർ ബബിളിനു പുറത്തുള്ള പ്രത്യേക സ്ഥലത്ത് ക്വാറന്‍റീനിലാണ് താരം. ഇതോടെ ദേവ്ദത്തിന് സീസണിലെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായേക്കും.
ആർ.സി.ബിക്കായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ താരമാണ് ദേവ്ദത്ത്. 15 മത്സരങ്ങളിൽ നിന്നും 473 റൺസാണ് താരം അന്ന് അടിച്ചെടുത്തത്. ഈയിടെ നടന്ന വിജയ് ഹസാരെ ട്രോഫിയിലും ഗംഭീര പ്രകടനം നടത്താന്‍ ദേവ്ദത്തിനായിരുന്നു. ഏഴ് മത്സരത്തിൽ നിന്നും 147.40 ശരാശരിയിൽ 737 റൺസാണ് താരം നേടിയത്.
അതേസമയം ഐപിഎല്‍ ആരംഭിക്കുന്ന ഏപ്രിൽ ഒമ്പതിന് മുംബൈ ഇന്ത്യൻസിനെതിരെയാണ് ബാംഗ്ലൂരിന്‍റെ ആദ്യ മത്സരം. ഇതിന്‍റെ ഭാഗമായി ചെന്നൈയിലാണ് ആർ.സി.ബി താരങ്ങൾ ഇപ്പോഴുള്ളത്. ബി.സി.സി.ഐ നടപടിക്രമം അനുസരിച്ച് കൊവിഡ് സ്ഥിരീകരിക്കുന്നയാള്‍ ബയോ ബബിളിന് പുറത്തുള്ള പ്രത്യേക സ്ഥലത്ത് ഐസൊലേഷനില്‍ കഴിയേണ്ടതുണ്ട്.
രോഗ ലക്ഷണങ്ങള്‍ കാണുന്ന തിയ്യതി മുതലോ സാമ്പിള്‍ എടുക്കുന്ന ദിവസം മുതലോ 10 ദിവസത്തേക്കാണ് ഐസൊലേഷനില്‍ കഴിയേണ്ടത്. ഈ സമയത്ത് വ്യായാമങ്ങളും മറ്റും ഒഴിവാക്കി പൂര്‍ണമായി വിശ്രമിക്കുകയും വേണം. ശനിയാഴ്ച ഡൽഹി ക്യാപ്പിറ്റൽസ് അംഗമായ അക്‌സർ പട്ടേലിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക് മുന്നെ കൊവിഡ് സ്ഥിരീകരിച്ച കൊല്‍ക്കത്തയുടെ നിതീഷ് റാണ കഴിഞ്ഞ വ്യാഴായ്ച രോഗമുക്തനായിരുന്നു.