ന്യൂഡൽഹി : ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസണിൽ ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ അവസാന മത്സരത്തിനിറങ്ങുന്നത് മഴവിൽ നിറങ്ങളുള്ള ജേഴ്‌സി ധരിച്ച്. ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ അവസാന മത്സരത്തിൽ മഴവിൽ ജേഴ്‌സി അണിയുമെന്ന് ടീം മാനേജ്‌മെന്‍റ് അറിയിച്ചു. ഇന്ത്യയുടെ വൈവിധ്യം ആഘോഷിക്കുന്നതിനായാണ് ഡൽഹി മഴവിൽ ജേഴ്‌സി ധരിക്കുന്നത്.
'ഞങ്ങളുടെ ഐപിഎൽ 2023 കാംപെയിന്‍ ഒരു റെയിൻബോ കുതിപ്പിൽ അവസാനിപ്പിക്കുന്നു! ഈ സീസണിലെ ഞങ്ങളുടെ അവസാന ഹോം മാച്ചിൽ ഞങ്ങളുടെ ആണ്‍കുട്ടികൾ ഈ പ്രത്യേക ജേഴ്‌സി ധരിക്കും!' - ജേഴ്‌സിയുടെ ചിത്രം ഉൾപ്പടെ ഡൽഹി തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്‌തു. 2020 മുതലുള്ള സീസണുകൾ മുതൽ ഡൽഹി മഴവിൽ ജേഴ്‌സികൾ ധരിക്കാറുണ്ട്.
കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സീസണിന്‍റെ രണ്ടാം പകുതിയെ ആദ്യ മത്സരത്തിലാണ് ഡൽഹി മഴവിൽ ജേഴ്‌സി ധരിച്ച് കളിക്കാനിറങ്ങിയത്. ശേഷം ഈ ജേഴ്‌സികൾ കർണാടകയിലെ വിജയനഗറിലെ ഇൻസ്‌പെയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ടിന് (ഐഐഎസ്) ലേലം ചെയ്യാൻ നൽകുകയും ചെയ്‌തിരുന്നു.
ചെന്നൈക്ക് നിർണായകം : മെയ് 20ന് ഡൽഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് ചെന്നൈയും ഡൽഹിയും ഏറ്റുമുട്ടുക. അതേസമയം ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരം ഏറെ നിർണായകമാണ്. പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈക്ക് ഡൽഹിക്കെതിരെ വിജയം നേടിയേ മതിയാകൂ.
നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 15 പോയിന്‍റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ചെന്നൈ. അതിനാൽ തന്നെ ഡൽഹിക്കെതിരായ മത്സരത്തിൽ വിജയിച്ച് 17 പോയിന്‍റുകൾ നേടിയാൽ മാത്രമേ ചെന്നൈക്ക് പ്ലേഓഫിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ. മത്സരത്തിൽ തോൽവി വഴങ്ങിയാൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെയും ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന്‍റെയും മത്സരഫലത്തെ ആശ്രയിച്ചായിരിക്കും ചെന്നൈയുടെ മുന്നേറ്റം.
അതേസമയം പോയിന്‍റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തുള്ള ഡൽഹിക്ക് മുൻപും പിൻപും നോക്കാതെ കളിക്കാനാകും. 13 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും എട്ട് തോൽവിയുമുള്ള ഡൽഹിക്ക് 10 പോയിന്‍റ് മാത്രമാണ് ആകെ സമ്പാദ്യം. അവസാന മത്സരത്തിൽ വിജയത്തോടെ ചെന്നൈയുടെ വഴിമുടക്കി മടങ്ങുക എന്നതാകും ഡൽഹിയുടെ ലക്ഷ്യം.
ജയിച്ചാൽ മുന്നോട്ട് : കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തക്കെതിരെ തോൽവി വഴങ്ങിയതാണ് ചെന്നൈയുടെ മുന്നേറ്റം അനിശ്ചിതത്വത്തിലാക്കിയത്. സ്വന്തം തട്ടകമായ ചെപ്പോക്കിൽ 6 വിക്കറ്റിനാണ് ചെന്നൈ കൊല്‍ക്കത്തയോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നേടിയ 144 റണ്‍സിന് മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത ഒൻപത് പന്തുകൾ ബാക്കി നിൽക്കെ 4 വിക്കറ്റ് നഷ്‌ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ALSO READ:'ക്യാപ്‌റ്റൻ കൂൾ ആയിരിക്കാൻ ശ്രമിക്കാറുണ്ട്' ; ധോണിയിൽ നിന്ന് കാര്യങ്ങൾ പഠിക്കാനായത് വലിയ അനുഗ്രഹമെന്ന് ഡു പ്ലസിസ്
അതേസമയം മികച്ച ഫോമിൽ തന്നെയാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഈ സീസണിൽ കളിക്കുന്നത്. എന്നാൽ അപ്രതീക്ഷിതമായി ചില മത്സരങ്ങൾ കൈവിട്ടതാണ് ടീമിന് തിരിച്ചടിയായത്. ഓപ്പണർമാരായ റിതുരാജ് ഗെയ്‌ക്‌വാദ്, ഡെവോണ്‍ കോണ്‍വെ, ശിവം ദുബെ എന്നിവരിലാണ് ടീമിന്‍റെ പ്രതീക്ഷ.