ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ അഞ്ച് റണ്‍സിന്‍റെ തകർപ്പൻ ജയമാണ് ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ വിജയിച്ചെങ്കിലും ഇപ്പോൾ ലഖ്‌നൗവിന്‍റെ ഓപ്പണർ ദീപക് ഹൂഡയുടെ പ്രകടനമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. മത്സരത്തിൽ ഏഴ് പന്തിൽ നിന്ന് വെറും അഞ്ച് റണ്‍സ് മാത്രമാണ് ഹൂഡയ്‌ക്ക് സ്വന്തമാക്കാൻ സാധിച്ചത്. കുഞ്ഞൻ സ്‌കോറിൽ പുറത്തായതോടെ നാണക്കേടിന്‍റെ ഒരു റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം.
ഐപിഎല്ലിലെ ഒരു സീസണിൽ 10 ഇന്നിങ്‌സിൽ അധികം കളിച്ച താരങ്ങളിൽ ഏറ്റവും കുറഞ്ഞ ബാറ്റിങ് ശരാശരിയുടെ മോശം റെക്കോഡാണ് ഇന്നലത്തെ ഇന്നിങ്‌സോടെ ഹൂഡയെ തേടിയെത്തിയത്. സീസണിൽ വെറും 6.90 മാത്രമാണ് ദീപക് ഹൂഡയുടെ ശരാശരി. ഇതോടെ 2021 സീസണിൽ 7.73 ശരാശരിയുണ്ടായിരുന്ന നിക്കോളാസ് പുരാന്‍റെ നാണക്കേടിന്‍റെ റെക്കോഡാണ് ദീപക് ഹൂഡ സ്വന്തം പേരിൽ കുറിച്ചത്.
ഈ സീസണിൽ 17, 2, 7, 9, 2, 2, 2, 11*, 1, 11 എന്നിങ്ങനെയാണ് ഹൂഡയുടെ സ്‌കോർ. 10 ഇന്നിങ്‌സുകളിൽ നിന്ന് 91.42 സ്‌ട്രൈക്ക് റേറ്റിൽ വെറും 64 റണ്‍സ് മാത്രമാണ് താരത്തിന് ഇതുവരെ നേടാൻ കഴിഞ്ഞത്. 5.75 കോടി രൂപ നല്‍കിയാണ് ലഖ്‌നൗ ദീപക് ഹൂഡയെ ടീമില്‍ നിലനിര്‍ത്തിയത്. നേരത്തെ 2016 സീസണിലും മോശം ശരാശരിയാലാണ് ഹൂഡ ബാറ്റ് വീശിയിരുന്നത്. അന്ന് 10.29 ആയിരുന്നു താരത്തിന്‍റെ ശരാശരി.
2021 ൽ 11.08 ശരാശരിയിൽ ബാറ്റ് വീശിയ ഇയോൻ മോർഗനാണ് ഈ പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്. തന്‍റെ ഐപിഎൽ കരിയറിൽ 2022ലെ സീസണിൽ മാത്രമാണ് ഹൂഡയ്‌ക്ക് ബാറ്റ് കൊണ്ട് തിളങ്ങാനായിട്ടുള്ളത്. ആ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 32.21 ശരാശരിയിൽ നാല് അർധ സെഞ്ച്വറികൾ ഉൾപ്പെടെ 451 റണ്‍സായിരുന്നു ഹൂഡ അടിച്ച് കൂട്ടിയത്. ഐപിഎൽ കരിയറിൽ 106 മത്സരങ്ങളിൽ നിന്ന് 18.38 ശരാശരിയിൽ 1305 റണ്‍സാണ് ഹൂഡയുടെ സമ്പാദ്യം.
പിടിച്ചെടുത്ത് ലഖ്‌നൗ: അതേസമയം മുംബൈക്കെതിരായ മത്സരത്തിൽ കൈവിട്ട കളി തിരിച്ച് പിടിച്ചാണ് ലഖ്‌നൗ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ മുന്നോട്ട് വച്ച 178 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈക്ക് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 172 റണ്‍സേ നേടാനായുള്ളു.
ആദ്യ വിക്കറ്റിൽ ഓപ്പണർമാരായ നായകൻ രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് 90 റണ്‍സിന്‍റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും പിന്നീട് വന്ന താരങ്ങൾക്ക് ഇത് മുതലാക്കാനായില്ല. സൂര്യകുമാർ യാദവ് (7), നെഹാൽ വധേര (16), വിഷ്‌ണു വിനോദ് (2) എന്നിവർ പെട്ടന്ന് പുറത്തായതാണ് മുംബൈക്ക് തിരിച്ചടിയായത്.
അവസാന ഓവറുകളിൽ ടിം ഡേവിഡ് ഒറ്റയാൾ പോരാട്ടം നടത്തി ടീമിനെ കരകയറ്റാൻ ശ്രമിച്ചെങ്കിലും അഞ്ച് റണ്‍സകലെ മുംബൈ വീഴുകയായിരുന്നു. അവസാന ഓവറിൽ 11 റണ്‍സായിരുന്നു മുംബൈയുടെ വിജയ ലക്ഷ്യം. എന്നാൽ മൊഹ്സിൻ ഖാൻ എറിഞ്ഞ ഓവറിൽ വെറും അഞ്ച് റണ്‍സേ മുംബൈക്ക് നേടാനായുള്ളു.