ഡല്‍ഹി: ഐപിഎല്‍ പതിനാറാം പതിപ്പിലെ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്‌ത്തി പ്ലേഓഫില്‍ ഇടം പിടിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ 77 റണ്‍സിനായിരുന്നു ഡല്‍ഹിയെ ചെന്നൈ വീഴ്‌ത്തിയത്. ജയത്തോടെ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായാണ് ധോണിയുടെയും സംഘത്തിന്‍റെയും മുന്നേറ്റം.
സീസണിലെ അവസാന ഹോം മത്സരത്തില്‍ ജയിച്ച് മടങ്ങാനായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നലെ ഇറങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിലും ആരാധകര്‍ക്ക് മറക്കാനാകാത്ത രസകരമായ നിമിഷങ്ങള്‍ സമ്മാനിച്ചായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് കളം വിട്ടത്. നായകന്‍ ഡേവിഡ് വാര്‍ണര്‍ മൈതാനത്തൊരുക്കിയ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ വാള്‍പയറ്റിയുള്ള ആഘോഷം അനുകരിക്കുകയായിരുന്നു വാര്‍ണര്‍. ഡല്‍ഹി ഇന്നിങ്‌സിന്‍റെ അഞ്ചാം ഓവറിലായിരുന്നു ഈ രംഗം അരങ്ങേറിയത്. ദീപക് ചഹാറിന്‍റെ ഓവറില്‍ കവറിലേക്ക് കളിച്ച വാര്‍ണര്‍ സിംഗിളിനായി ഓടി.
അത് പിടിച്ചെടുത്ത മൊയീന്‍ അലി ഡേവിഡ് വാര്‍ണറിനെ റണ്‍ഔട്ട് ആക്കാനായി നോണ്‍ സ്ട്രൈക്കിങ് എന്‍ഡിലേക്ക് പന്തെറിഞ്ഞു. സ്റ്റമ്പില്‍ കൊള്ളാതെ പോയ പന്ത് അജിങ്ക്യ രഹാനെയുടെ കൈകളിലാണ് എത്തിയത്. ഈ സമയം ക്രീസ് വിട്ട് പുറത്ത് നിന്ന വാര്‍ണര്‍ രഹാനെയെ കബളിപ്പിക്കാനും ശ്രമിച്ചിരുന്നു.
Also Read :IPL 2023| 'ഞാന്‍ ഒറ്റയ്‌ക്ക് ബോറടിച്ചിരിക്കുകയായിരുന്നു'; വിരാട് കോലിയുടെ സെഞ്ച്വറി നേട്ടത്തില്‍ പ്രതികരണവുമായി ക്രിസ് ഗെയില്‍
ഇതിനിടെ വാര്‍ണറിന്‍റെ പിന്നില്‍ നിന്നിരുന്ന രവീന്ദ്ര ജഡേജ രഹാനെയോട് പന്ത് എറിയാനായി ആംഗ്യം കാണിച്ചു. പിന്നാലെ രഹാനെയുടെ ത്രോ ജഡേജയിലേക്ക്. ഇതിനിടെ വാര്‍ണര്‍ ജഡേജയേയും കബളിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
പന്ത് കയ്യിലുണ്ടായിരുന്ന ജഡ്ഡു സ്റ്റമ്പിലേക്ക് എറിയുന്നത് പോലെ ആംഗ്യം കാണിച്ചതിന് പിന്നാലെയായിരുന്നു ക്രീസിന് പുറത്ത് നിന്നും വാര്‍ണര്‍ ചെന്നൈ താരത്തിന്‍റെ സിഗ്‌നേചര്‍ മൂവ് അനുകരിച്ചത്. ഇത് കണ്ട ജഡേജയ്‌ക്ക് ചിരിയടക്കാനുമായില്ല.
മത്സരം അവസാനിച്ചപ്പോഴും ചെന്നൈ താരങ്ങള്‍ക്കൊപ്പമായിരുന്നു ചിരി. അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ ഡല്‍ഹിക്കെതിരെ 223 റണ്‍സ് ആണ് നേടിയത്. ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെ (87) റിതുരാജ് ഗെയ്‌ക്‌വാദ് (79) എന്നിവരുടെ അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് സിഎസ്‌കെ വമ്പന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.
മൂന്ന് വിക്കറ്റ് നഷ്‌ടത്തിലായിരുന്നു ചെന്നൈ കൂറ്റന്‍ സ്‌കോറിലേക്കെത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് 9 വിക്കറ്റ് നഷ്‌ടത്തില്‍ 146 റണ്‍സ് നേടാനെ സാധിച്ചുള്ളു. നായകന്‍ ഡേവിഡ് വാര്‍ണര്‍ (86) ഒഴികെ മറ്റാര്‍ക്കും മത്സരത്തില്‍ ആതിഥേയര്‍ക്കായി പിടിച്ചുനില്‍ക്കാനായിരുന്നില്ല.
ജയത്തോടെ പ്ലേഓഫിലെത്തിയ ചെന്നൈ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. മെയ് 23ന് ചെപ്പോക്കിലാണ് ഈ മത്സരം.
Also Read :IPL 2023| വാർണറുടെ പോരാട്ടത്തിനും കരകയറ്റാനായില്ല; ഡൽഹിയെ തകർത്തെറിഞ്ഞ് ചെന്നൈ പ്ലേ ഓഫിൽ