ന്യൂഡൽഹി:ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ കനത്ത തോൽവിയാണ് ഡൽഹി ക്യാപ്പിറ്റൽസ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 162 റണ്‍സ് സ്വന്തമാക്കുകയായിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ വിജയ ലക്ഷ്യം മറികടന്നു.
സായ് സുദർശൻ (62), ഡേവിഡ് മില്ലർ (31) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് ടീമിനെ മികച്ച വിജയത്തിലേക്ക് എത്തിച്ചത്. എന്നാൽ മത്സരത്തിൽ ഡൽഹിയുടെ പ്രധാന സ്‌പിന്നർമാരിൽ ഒരാളായ അക്‌സർ പട്ടേൽ പന്തെറിഞ്ഞിരുന്നില്ല. താരത്തിന് ബൗളിങ് കൊടുക്കാത്ത ക്യാപ്‌റ്റന്‍റെ തീരുമാനത്തെ ആരാധകർ ഞെട്ടലോടെയാണ് വീക്ഷിച്ചത്. എന്നാൽ ഇപ്പോൾ ഈ തീരുമാനത്തിന്‍റെ കാരണം വ്യക്‌തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഡേവിഡ് വാർണർ.
'ആ തീരുമാനത്തിൽ ഞാൻ ആശ്ചര്യപ്പെടുന്നില്ല. പ്രതീക്ഷിച്ചതിലും കൂടുതൽ സ്വിങ് ഉണ്ടായിരുന്നു. സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടണമെന്ന് അവർ കാണിച്ച് തന്നു. ഇനിയും ആറ് മത്സരങ്ങൾ ഇവിടെ കളിക്കേണ്ടതായുണ്ട്. ആദ്യ കുറച്ച് ഓവറുകളിൽ സ്വിങ് പ്രതീക്ഷിക്കാം. മത്സരത്തിന്‍റെ അവസാനം വരെ ഞങ്ങൾ ശക്‌തമായി പൊരുതി. ഗുജറാത്ത് നിരയിൽ സായ് സുദർശൻ, ഡേവിഡ് മില്ലർ എന്നിവർ മികച്ച രീതിയിൽ കളിച്ചു.
മഞ്ഞ് വീഴ്‌ചയിലും അവർ സാഹചര്യവുമായി പൊരുത്തപ്പെട്ട് ബാറ്റ് വീശി. 180- 190 സ്‌കോർ നേടാനായില്ലെങ്കിൽ അത് മത്സരത്തിൽ വെല്ലുവിളിയാകും.' വാർണർ പറഞ്ഞു. മത്സരത്തിൽ വാലറ്റത്ത് 22 പന്തിൽ 36 റൺസ് നേടിയ അക്‌സറിന്‍റെ മികവിലായിരുന്നു ഡൽഹി പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചേർന്നത്. ബാറ്റിങ്ങിലേത് പോലെ ബോളിങ്ങിലും താരം തിളങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വാർണർ അക്‌സറിനെ ബൗൾ ചെയ്യിക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.