അഹമ്മദാബാദ്:മഴമൂലം മാറ്റിവച്ച ഐപിഎല്‍ പതിനാറാം പതിപ്പിലെ കലാശപ്പോരാട്ടം ഇന്ന് നടക്കും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ തമ്മിലേറ്റുമുട്ടുന്ന ഫൈനല്‍. ഫൈനല്‍ ദിവസമായ ഇന്നലെ (മെയ് 28) മഴയെ തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റിയത്.
ഇന്നലെ വൈകുന്നേരം മുതല്‍ തന്നെ അഹമ്മദാബാദില്‍ കനത്ത മഴയാണ് പെയ്‌തത്. ഉച്ചവരെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. എന്നാല്‍ ടോസിന് അരമണിക്കൂര്‍ മുന്‍പാണ് മഴയെത്തിയത്.
പിന്നീട് തകര്‍ത്ത് പെയ്‌ത മഴ മത്സരം പ്രതിസന്ധിയിലാക്കി. ഇടയ്‌ക്ക് മഴ മാറി നിന്ന് മൈതാനത്ത് നിന്നും കവര്‍ പൂര്‍ണമായും നീക്കം ചെയ്‌തിരുന്നു. ഇതിനെ പിന്നാലെ മത്സരം ആരംഭിക്കാനാകുമെന്ന പ്രതീക്ഷിയിലായിരുന്നു അമ്പയര്‍മാരും.
താരങ്ങള്‍ ഉള്‍പ്പടെ ഈ സമയത്ത് അവസാനവട്ട പരിശീലനത്തിനായി ഗ്രൗണ്ടിലിറങ്ങിയിരുന്നു. എന്നാല്‍ വീണ്ടുമെത്തിയ മഴ മത്സരം നടക്കുമെന്ന് ആരാധകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. പത്ത് മണി പിന്നിട്ടിട്ടും മഴ മാറതിരുന്ന സാഹചര്യത്തില്‍ കളികാണാനെത്തിയവരും സ്റ്റേഡിയം വിട്ടു.
Also Read :IPL 2023 | ക്വാളിഫയറില്‍ ആദ്യം കാലിടറി, പിന്നെ തിരിച്ചുവന്നു ; ഹാര്‍ദിക്കിനും കൂട്ടര്‍ക്കും ഇത് രണ്ടാം ഫൈനല്‍
20 ഓവര്‍ മത്സരം പൂര്‍ണമായും നടത്താന്‍ വേണ്ടി നിശ്ചയിച്ചിരുന്ന കട്ട് ഓഫ് ടൈം 9:35 ആയിരുന്നു. 12:06 ആയിരുന്നു അഞ്ചോവര്‍ മത്സരത്തിനായി നിശ്ചയിച്ചിരുന്ന സമയപരിധി. 11 മണിക്ക് ശേഷവും മഴയവസാനിച്ചില്ലെങ്കില്‍ മത്സരം റിസര്‍വ് ദിനത്തിലേക്ക് മാറ്റേണ്ടിവരുമെന്ന് അമ്പയര്‍മാര്‍ അറിയിക്കുകയായിരുന്നു.
റിസര്‍വ് ദിനത്തിലെ കാലാവസ്ഥ: ഐപിഎല്‍ ഫൈനല്‍ ദിവസമായ ഇന്നലെ അഹമ്മദാബാദില്‍ മഴയ്‌ക്ക് 60 ശതമാനം സാധ്യതയാണ് പ്രവചിച്ചിരുന്നത്. എന്നാല്‍, ഇവിടെ ഇന്ന് കൂടുതല്‍ മെച്ചപ്പെട്ട കാലാവസ്ഥയായിരിക്കുമെന്നാണ് പ്രവചനം. ഇന്ന് വൈകുന്നേരം മഴയ്‌ക്ക് മൂന്ന് ശതമാനം മാത്രം സാധ്യതയാണ് ഉള്ളതെന്നാണ് പ്രവചനം.
കാര്‍മേഘങ്ങള്‍ ഉണ്ടായിരിക്കുമെങ്കിലും അത് മത്സരത്തെ തടസപ്പെടുത്താന്‍ സാധ്യതയില്ല. മത്സരസമയത്ത് ചെറിയ ഇടിമിന്നലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്നും മത്സരം നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ലീഗ് ഘട്ടത്തില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ ഗുജറാത്ത് ടൈറ്റന്‍സിനെ വിജയികളായി പ്രഖ്യാപിക്കും.
Also Read :IPL 2023 | തോല്‍വിയോടെ തുടങ്ങി, പിന്നെ കുതിച്ചു ; ഫൈനല്‍ ടിക്കറ്ററുപ്പിച്ച ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്
ടൂര്‍ണമെന്‍റിന്‍റെ പ്രാഥമിക ഘട്ടത്തില്‍ കളിച്ച 14 മത്സരങ്ങളില്‍ 10 ജയം നേടിയ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കും കൂട്ടര്‍ക്കും 20 പോയിന്‍റാണ് ഉണ്ടായിരുന്നത്. പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരയിട്ടായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിന്‍റെ പ്ലേഓഫ് പ്രവേശനം. മറുവശത്ത് ഫൈനലില്‍ ഗുജറാത്തിന്‍റെ എതിരാളികളായ ചെന്നൈ 17 പോയിന്‍റോടെ രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു പ്ലേഓഫിന് യോഗ്യത നേടിയത്.
കപ്പടിക്കാന്‍ ഗുജറാത്തും ചെന്നൈയും:ചെന്നൈ സൂപ്പര്‍ കിങ്‌സിനായി അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ധോണിയും സംഘവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. ഗുജറാത്തിനെ തോല്‍പ്പിച്ച് കപ്പുയര്‍ത്താനായാല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോഡിനൊപ്പം ധോണിക്കെത്താം. മറുവശത്ത് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍ കിരീടം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ്.