കേരളം

kerala

ETV Bharat / sports

'ജഡ്ഡു മാജിക്ക്'; അഞ്ചാം അങ്കത്തില്‍ അടിപതറി കോലിപ്പട - ഐപിഎല്‍

ചെന്നെെ ഉയര്‍ത്തിയ 192 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബാഗ്ലൂരിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

chennai  bangalore  അഞ്ചാം അങ്കത്തില്‍ അടിപതറി കോലികപ്പട  ഐപിഎല്‍  ipl
'ജഡ്ഡു മാജിക്ക്'; അഞ്ചാം അങ്കത്തില്‍ അടിപതറി കോലിപ്പട

By

Published : Apr 25, 2021, 7:43 PM IST

മുംബെെ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആദ്യ തോല്‍വി. വാംഖഡെയില്‍ നടന്ന മത്സരത്തില്‍ ചെന്നെെ സൂപ്പര്‍ കിങ്സാണ് കോലിപ്പെടയെ അടിച്ചും എറിഞ്ഞും ഒതുക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നെെ ഉയര്‍ത്തിയ 192 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബാഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സ്കോര്‍: ചെന്നെെ 191/4. ബാംഗ്ലൂര്‍ 122/9.

ബാറ്റുകൊണ്ടും ബോളുകൊണ്ടും മാന്ത്രികത തീര്‍ത്ത രവീന്ദ്ര ജഡേജയാണ് മത്സരം ചെന്നെെയുടെ വരുതിയിലാക്കിയത്. ചെന്നെെയുടെ ഇന്നിങ്സില്‍ അവസാന ഓവറുകളില്‍ കത്തിക്കയറിയ താരം 28 പന്തില്‍ 62 റണ്‍സ് കണ്ടെത്തിയിരുന്നു. ബൗളിങ്ങില്‍ നാല് ഓവറില്‍ വെറും 13 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്താനും ജഡേജയ്ക്കായി.

16 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇമ്രാന്‍ താഹിറും മികച്ചുനിന്നു. സാം കറണ്‍, ഷാർദുൽ താക്കൂർ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. ബാംഗ്ലൂര്‍ നിരയില്‍ 15 പന്തില്‍ 34 റണ്‍സ് നേടിയ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലാണ് ടോപ്പ് സ്കോറര്‍. ഗ്ലെൻ മാക്സ്വെൽ 15 പന്തില്‍ 22 റണ്‍സെടുത്തു.

ക്യാപ്റ്റന്‍ വിരാട് കോലി ഏഴ് പന്തില്‍ എട്ട് റണ്‍സിന് പുറത്തായി. മുഹമ്മദ് സിറാജ് 12 റണ്‍സെടുത്തു. ബാംഗ്ലൂര്‍ നിരയില്‍ കോലിയടക്കം ഏഴ് താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനായില്ല. ചെന്നെെക്കായി ഫാഫ് ഡുപ്ലെസി 41 പന്തില്‍ 50 റണ്‍സും റിതുരാജ് ഗെയ്ക്വാദ് 25 പന്തില്‍ 33 റണ്‍സും കണ്ടെത്തി. സുരേഷ് റെയ്ന 18 പന്തില്‍ 24, അമ്പാട്ടി റായിഡു ഏഴ് പന്തില്‍ 14 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.

ABOUT THE AUTHOR

...view details