മുംബൈ:ഐപിഎല്ലിലെ 12ആം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 45 റണ്‍സിന് പരാജയപ്പെടുത്തി ചെന്നൈ സുപ്പർ കിങ്സ്. ചെന്നൈ ഉയർത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 143 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. രാജസ്ഥാൻ നിരയിൽ ജോസ് ബട്ട്ലർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ച വെച്ചത്. 35 പന്തിൽ 49 റണ്‍സ് ആണ് ബട്ട്ലർ നേടിയത്. സ്കോർ 30ൽ നിൽക്കെ രാജസ്ഥാന്‍റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച ചെന്നൈ പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്‌ത്തിക്കൊണ്ടിരുന്നു.
വീണ്ടും ബോളിങ് കരുത്തിൽ ചെന്നൈ; രാജസ്ഥാനെതിരെ 45 റണ്‍സിന്‍റെ വിജയം - രാജസ്ഥാൻ റോയൽസ്
മൂന്ന് വിക്കറ്റും 26 റണ്‍സും നേടി ഓൾറൗണ്ട് പ്രകടനം കാഴ്‌ച വെച്ച മോയിൻ അലിയാണ് കളിയിലെ താരം.
ആദ്യ കളിയിൽ സെഞ്ച്വറി നേടിയ ശേഷം തുടർച്ചയായ രണ്ടാം കളിയിലും രാജസ്ഥാൻ ക്യാപ്‌റ്റൻ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. അഞ്ച് പന്തിൽ നിന്ന് ഒരു റണ്‍സ് ആയിരുന്നു സഞ്ജുവിന്‍റെ സംഭാവന. ബട്ട്‌ലറെ കൂടാതെ രാഹുൽ തിവാത്തിയ (15 പന്തിൽ20), ജയദേവ് ഉനദ്‌കട്ട് (17 പന്തിൽ 24)എന്നിവർ മാത്രമാണ് രാജസ്ഥാൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്‌ച വെച്ചത്. ചെന്നൈയ്‌ക്ക് വേണ്ടി മോയിൻ അലി മൂന്ന് വിക്കറ്റും ജഡേജയും സാം കറനും രണ്ട് വിക്കറ്റുകൾ വീതവും നേടി. ഡെയ്‌ൻ ബ്രാവോയും ഷർദുൽ താക്കൂറും ഓരോ വിക്കറ്റുകൾ വീതം നേടി. മൂന്ന് വിക്കറ്റും 26 റണ്‍സും നേടി ഓൾറൗണ്ട് പ്രകടനം കാഴ്‌ച വെച്ച മോയിൻ അലിയാണ് കളിയിലെ താരം.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിലാണ് 188 എന്ന സ്‌കോറിൽ എത്തിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്താന്‍ സാധിച്ചെങ്കിലും ചെന്നൈയുടെ റണ്ണൊഴുക്ക് തടയാന്‍ സഞ്ജുവിനും കൂട്ടര്‍ക്കുമായില്ല. 33 റണ്‍സെടുത്ത ഓപ്പണര്‍ ഫാഫ് ഡുപ്ലെസിയാണ് ചെന്നൈയുടെ ടോപ്പ് സ്‌കോറര്‍. നായകന്‍ ധോണി 18 റണ്‍സെടുത്ത് പുറത്തായി. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ചേതന്‍ സക്കറിയ മൂന്നും ക്രിസ് മോറിസ് രണ്ടും വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ മുസ്‌തിഫിക്കുര്‍ റഹ്‌മാന്‍, രാഹുല്‍ തെവാട്ടിയ എന്നിവര്‍ ഓരോന്ന് വീതം സ്വന്തമാക്കി.