ചെന്നൈ:സീസണിലെ ആദ്യ ജയമെന്ന സ്വപ്‌നം മൂന്നാം മത്സരത്തിലും നേടാനാകാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്‌ത് മുംബൈ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യത്തിലേക്കുള്ള ഹൈദരാബാദിന്‍റെ പോരാട്ടം 137 റണ്‍സിലവസാനിച്ചു. മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിര തകര്‍ന്നതാണ് ഹൈദരബാദിന്‍റെ തോല്‍വിക്ക് കാരണം. 35 റണ്‍സിനിടെയാണ് ഹൈദരാബാദിന്‍റെ അവസാന ഏഴ് വിക്കറ്റ് നഷ്‌ടമായത്. ജയത്തോടെ പോയന്‍റ് പട്ടികയില്‍ മുംബൈ ഒന്നാമതെത്തി. ഹൈദരാബാദ് അവസാന സ്ഥാനത്താണ്.
മുംബൈ ഉയര്‍ത്തിയ 151 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് തകര്‍പ്പൻ തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്. 22 പന്തില്‍ നാല് സിക്സും, മൂന്ന് ഫോറും അടക്കം 43 റണ്‍സ് നേടി ബെയര്‍സ്‌റ്റോ വെടിക്കെട്ട് നടത്തിയപ്പോള്‍ 34 പന്തില്‍ 36 റണ്‍സെടുത്ത് വാര്‍ണര്‍ മികച്ച പിന്തുണ നല്‍കി. 7.2 ഓവറില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് സഖ്യം പിരിഞ്ഞത്. എന്നാല്‍ പിന്നാലെ വന്നയാര്‍ക്കും ആ മികവ് തുടരാനായില്ല. മനീഷ് പാണ്ഡെ രണ്ട് റണ്‍സെടുത്തും വിരാട് സിങ് 11 റണ്‍സെടുത്തും പുറത്തായി.
എന്നാല്‍ 25 പന്തില്‍ 28 റണ്‍സെടുത്ത വിജയ് ശങ്കര്‍ പിടിച്ചുനില്‍ക്കാൻ ശ്രമിച്ചെങ്കിലും ഒപ്പം ആരും ഉണ്ടായിരുന്നില്ല. ബാറ്റിങ് ഓര്‍ഡറിലെ അവസാന ആറ് പേരില്‍ ആര്‍ക്കും രണ്ടക്കം കടക്കാൻ ആകാതെ പോയതോടെ 19.4 ഓവറില്‍ 137 റണ്‍സെടുത്ത് ഹൈദരാബാദ് ഓള്‍ ഔട്ടായി. ട്രെന്‍റ് ബോള്‍ട്ട്, രാഹുല്‍ ചഹാര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് നേടി. നാല് ഓവര്‍ എറിഞ്ഞ ബുംറ 14 റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്.