ഹൈദരാബാദ്:ഐപിഎല്‍ പതിനാറാം പതിപ്പിലെ ഏറ്റവും മൂല്യമേറിയ താരങ്ങളില്‍ ഒരാളായിരുന്നു ഹാരി ബ്രൂക്ക്. കഴിഞ്ഞ താരലേലത്തില്‍ 13.25 കോടിക്കായിരുന്നു ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബ്രൂക്കിനെ സ്വന്തമാക്കിയത്. എന്നാല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മിന്നും പ്രകടനം കാഴ്‌ചവെച്ചിരുന്ന താരത്തിന് ഐപിഎല്ലില്‍ പ്രതീക്ഷിച്ച പോലെ ശോഭിക്കാനായില്ല.
ഐപിഎല്‍ അരങ്ങേറ്റ സീസണിലെ ആദ്യ 9 മത്സരങ്ങളില്‍ നിന്നും 163 റണ്‍സ് മാത്രമാണ് നേടിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേടിയ ഒരു സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ താരത്തിന് ബാറ്റ് കൊണ്ട് കാര്യമായ സംഭാവനകളൊന്നും ഹൈദരാബാദിനായി ചെയ്യനായില്ല.
അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ 34 റണ്‍സാണ് ബ്രൂക്കിന്‍റെ സമ്പാദ്യം. ഈ ഇന്നിങ്‌സുകളില്‍ തുടര്‍ച്ചയായി രണ്ട് പ്രാവശ്യം റണ്‍സൊന്നുമെടുക്കാതെയാണ് താരം പുറത്തായത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 5 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയ മത്സരത്തിലും അക്കൗണ്ട് തുറക്കും മുന്‍പ് തന്നെ ബ്രൂക്കിന് തിരികെ പവലിയനിലേക്ക് നടക്കേണ്ടി വന്നിരുന്നു.
ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന സാഹചര്യത്തില്‍ ഹാരി ബ്രൂക്ക് ഐപിഎല്ലിലെ ഒന്ന് രണ്ട് മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രെറ്റ് ലീ. ബ്രൂക്കിന് വിശ്രമം നല്‍കി ഗ്ലെന്‍ ഫിലിപ്‌സ് ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് ഹൈദരാബാദ് അവസരം നല്‍കണമെന്നാണ് ലീയുടെ അഭിപ്രായം. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ബ്രൂക്ക് റണ്‍സൊന്നുമെടുക്കാതെ പുറത്തായതിന് പിന്നാലെയാണ് മുന്‍ ഓസീസ് താരത്തിന്‍റെ പ്രതികരണം.