കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 16-ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുന്നതിനിടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടി. ബംഗ്ലാദേശ് താരം ലിറ്റൺ ദാസ് കൊല്‍ക്കത്ത ക്യാമ്പ് വിട്ട് നാട്ടിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്. കുടുംബവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് താരം നാട്ടിലേക്ക് മടങ്ങിയത്.
ലിറ്റണ്‍ ദാസിന്‍റെ തിരിച്ചുവരവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന് ഒരു ടീം ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. "ലിറ്റണ്‍ ദാസിന് കുടുംബവുമായി ബന്ധപ്പെട്ട മെഡിക്കൽ എമർജൻസി ഉണ്ടായിരുന്നു, അതിനായി ഇന്ന് രാവിലെ അവന് ധാക്കയിലേക്ക് മടങ്ങേണ്ടി വന്നു. അവന്‍റെ മടങ്ങിവരവിനെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭ്യമല്ല", ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
താര ലേലത്തില്‍ 50 ലക്ഷം രൂപയ്ക്കായിരുന്നു ലിറ്റണ്‍ ദാസിനെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്. അന്താരാഷ്‌ട്ര തിരക്കുകള്‍ കാരണം ഐപിഎല്‍ ആരംഭിച്ചതിന് ശേഷമായിരുന്നു 28-കാരനായ താരം ടീമിനൊപ്പം ചേര്‍ന്നത്. തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരത്തിലൂടെ ലിറ്റണ്‍ ഐപിഎല്ലില്‍ അരങ്ങേറ്റവും നടത്തിയിരുന്നു.
എന്നാല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ തന്‍റെ ഫോം ഐപിഎല്ലിലേക്ക് പകര്‍ത്താന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. നാല് പന്തില്‍ നാല് റണ്‍സ് മാത്രം നേടിയ 28-കാരന്‍ തിരിച്ച് കയറുകയായിരുന്നു. മെയ് നാല് വരെ മാത്രമേ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ലിറ്റണ്‍ ദാസിന് എന്‍ഒസി നല്‍കിയിട്ടുള്ളൂവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
ഏകദിന പരമ്പരയ്ക്കായി അയര്‍ലന്‍ഡിലേക്ക് പോകുന്ന ബംഗ്ലാദേശ് ടീമില്‍ ലിറ്റണും ഉള്‍പ്പെടാനാണ് സാധ്യത. ഇതോടെ സീസണില്‍ ബാക്കിയുള്ള മത്സരങ്ങള്‍ക്കായി ലിറ്റണിന്‍റെ സേവനം കൊല്‍ക്കത്തയ്‌ക്ക് ലഭിച്ചേക്കില്ല. ആഭ്യന്തര തിരക്കുകള്‍ കാരണം ബാംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ നേരത്തെ തന്നെ ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ നിന്നും പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു.
പകരക്കാരനായെത്തിയ ജേസണ്‍ റോയ് നിലവില്‍ കൊല്‍ക്കത്തയ്‌ക്കായി മികച്ച പ്രകടനം നടത്തുകയാണ്. അതേസമയം, ഐപിഎല്ലില്‍ തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷം വിജയ വഴിയിലേക്ക് തിരികെ എത്താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കഴിഞ്ഞിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 21 റണ്‍സിനായിരുന്നു കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്.
ബാംഗ്ലൂരിന്‍റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 200 റണ്‍സാണ് നേടിയത്. ജേസണ്‍ റോയിയുടെ (29 പന്തില്‍ 56) വെടിക്കെട്ട് അര്‍ധ സെഞ്ചുറിക്ക് പുറമെ നിതീഷ് റാണ (21 പന്തില്‍ 48), വെങ്കടേഷ് അയ്യര്‍ (26 പന്തില്‍ 31)എന്നിവരുടെ പ്രകടനമാണ് ടീമിനെ മികച്ച നിലയില്‍ എത്തിച്ചത്.
അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയ റിങ്കു സിങ് (10 പന്തില്‍ 18), ഡേവിഡ് വെയ്‌സ് (3 പന്തില്‍ 12) എന്നിവരും നിര്‍ണായകമായി. മറുപടിക്കിറങ്ങിയ ബാംഗ്ലൂരിന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 179 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വിരാട് കോലി അര്‍ധ സെഞ്ചുറിയുമായി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. 37 പന്തില്‍ 54 റണ്‍സായിരുന്നു കോലി നേടിയത്.
ALSO READ:IPL 2023| 'ഇത് ആദ്യമല്ല, മുന്‍ സീസണുകളിലും ഇങ്ങനെ തന്നെ'; രോഹിത് ശര്‍മ്മയുടെ പ്രകടനത്തില്‍ മുന്‍ ഓസീസ് താരം