ന്യൂഡൽഹി: ഇക്കഴിഞ്ഞ ടാറ്റാ ഐപിഎൽ മത്സരങ്ങൾ എല്ലാം ഒത്തുകളിയാണെന്ന ഗുരുതര ആരോപണവുമായി മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ട്വിറ്ററിലൂടെയാണ് സ്വാമി ആരോപണം ഉന്നയിച്ചത്. ബിസിസിഐയുടെ തലപ്പത്ത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ ഉള്ളിടത്തോളം കാലം ഇക്കാര്യത്തിൽ ഒരു അന്വേഷണം ഉണ്ടാകാൻ സാധ്യതയില്ലെന്നും സ്വാമി കൂട്ടിച്ചേർത്തു.
ടാറ്റാ ഐപിഎൽ മത്സരങ്ങൾ എല്ലാം വ്യാജമാണെന്ന വ്യാപകമായ സംശയം ഇന്‍റലിജൻസ് ഏജൻസികൾക്കുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അന്വേഷണം ആവശ്യമാണ്. പക്ഷേ അതിനായി പൊതുതാൽപര്യ ഹർജി സമർപ്പിക്കേണ്ടി വരും. ബിസിസിഐയുടെ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകൻ ജയ് ഷാ ആയതിനാൽ സർക്കാർ ഇക്കാര്യത്തിൽ മുൻകൈ എടുത്ത് അന്വേഷിക്കുമെന്ന് കരുതാൻ വയ്യ. സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്‌തു.
ഗുജറാത്ത് ടൈറ്റൻസ്- രാജസ്ഥാൻ റോയൽസ് ഫൈനലിന് പിന്നാലെ തന്നെ ഐപിഎൽ മത്സരങ്ങളിൽ ഒത്തുകളി നടന്നതായി ആരോപണം ഉയർന്നിരുന്നു. ഫൈനലിൽ ടോസ് നേടിയിട്ടും രാജസ്ഥാൻ നായകൻ സഞ്ജു സാംസണ്‍ ബാറ്റിങ് തെരഞ്ഞെടുത്ത് മുതൽ ആരാധകർ ഒത്തുകളിയുടെ സംശയം പ്രകടിപ്പിച്ചരുന്നു. മികച്ച ചേസിങ് റെക്കോഡുള്ള ഗുജറാത്തിനെതിരെ അവരുടെ മൈതാനത്ത് ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം ഒത്തുകളിയുടെ ഭാഗമായിരുന്നു എന്നും ആരോപണം ഉയർന്നിരുന്നു.
ഗുജറാത്ത് ടൈറ്റൻസ് മത്സരം വിജയിച്ചതിന് പിന്നാലെ വേദിയിലുണ്ടായിരുന്ന ബിസിസിഐ സെക്രട്ടറി ജയ് ഷാ നടത്തിയ അമിത ആവേശപ്രകടനത്തേയും പലരും ചോദ്യം ചെയ്‌തിരുന്നു. ഇത്തരത്തിൽ ആരോപണം നിറഞ്ഞ് നിൽക്കുന്നതിനിടെയാണ് ഒരു ബിജെപി നേതാവ് തന്നെ മത്സരങ്ങൾ ഒത്തുകളിയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ഐപിഎൽ 2022 കൂടുതൽ വിവാദങ്ങളിലേക്ക് വീഴും എന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.