ഹൈദരാബാദ്:ഐപിഎല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ബാറ്റര്‍മാരെ പൂജ്യത്തില്‍ വീഴ്‌ത്തിയ ബോളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം പിടിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ സ്റ്റാര്‍ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ വിക്കറ്റ് കീപ്പര്‍ ഹെൻറിച്ച് ക്ലാസന്‍റെ കൈകളിലെത്തിച്ചാണ് ഭുവി നേട്ടത്തിലെത്തിയത്. സിഎസ്‌കെ മുന്‍ താരവും നിലവിലെ ബൗളിങ് പരിശീലകനുമായ ഡ്വെയ്‌ന്‍ ബ്രാവോയെ മറികടന്നാണ് ഭുവനേശ്വര്‍ കുമാര്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്.
ലീഗ് ചരിത്രത്തില്‍ അക്കൗണ്ട് തുറക്കുന്നതിന് മുന്‍പ് ഭുവനേശ്വര്‍ കുമാറിന് മുന്നില്‍ വീഴുന്ന 25-ാമത് ബാറ്റര്‍ ആയിരുന്നു ഫില്‍ സാള്‍ട്ട്. ഡ്വെയ്‌ന്‍ ബ്രാവോ 24 പേരെ ആയിരുന്നു വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. 36 പേരെ ഡക്കില്‍ പുറത്താക്കിയിട്ടുള്ള മുന്‍ മുംബൈ ഇന്ത്യന്‍സ് താരവും നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് പരിശീലകനുമായ ലസിത് മലിംഗയാണ് പട്ടികയിലെ ഒന്നാമന്‍. 22 തവണ ബാറ്റര്‍മാരെ പൂജ്യത്തില്‍ പുറത്താക്കിയ ട്രെന്‍റ് ബോള്‍ട്ട്, ഉമേഷ് യാദവ് എന്നിവര്‍ പട്ടികയിലെ നാലാം സ്ഥാനക്കാരാണ്.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ ആദ്യ ഓവറിന്‍റെ മൂന്നാം പന്തിലായിരുന്നു ഭുവനേശ്വര്‍ കുമാര്‍ ഫില്‍ സാള്‍ട്ടിനെ വീഴ്‌ത്തിയത്. ബാറ്റിങ്ങില്‍ താളം കണ്ടെത്താത്ത പൃഥ്വി ഷായ്ക്ക് പകരം ഡേവിഡ് വാര്‍ണറിനൊപ്പം ക്യാപിറ്റല്‍സ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയതായിരുന്നു സാള്‍ട്ട്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ താരത്തിന് സംപൂജ്യനായി മടങ്ങേണ്ടി വന്നു.