മുംബൈ :ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പതിനഞ്ചംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. സര്‍പ്രൈസ് മാറ്റങ്ങളുമായാണ് ബിസിസിഐയുടെ ടീം പ്രഖ്യാപനം. ഐപിഎല്‍ പതിനാറാം പതിപ്പില്‍ മിന്നും ഫോമിലുള്ള വെറ്ററന്‍ താരം അജിങ്ക്യ രഹാനെ ടീമില്‍ തിരിച്ചെത്തി.
15 മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് രഹാനെയ്‌ക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കുന്നത്. 2022 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലാണ് രഹാനെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. ഐപിഎല്ലിലെ മിന്നും പ്രകടനത്തിനൊപ്പം വിദേശ പിച്ചുകളിലെ റെക്കോഡുമാണ് രഹാനെയ്‌ക്ക് ടീമിലേക്ക് തിരികെയെത്താനുള്ള വഴി തുറന്നത്.
രഹാനെയുടെ മടങ്ങിവരവ് മധ്യനിരയിലെ ടീമിന്‍റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള അവസാന രണ്ട് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാതിരുന്ന കെഎല്‍ രാഹുലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുണ്ടാവും. റിഷഭ് പന്തിന്‍റെ അഭാവത്തില്‍ കെഎസ് ഭരത് ആകും വിക്കറ്റ് കീപ്പറാവുക.
ഇഷാന്‍ കിഷന്‍ ഇല്ലാത്ത സാഹചര്യത്തില്‍ കെഎല്‍ രാഹുലായിരിക്കും റിസര്‍വ്‌ഡ് വിക്കറ്റ് കീപ്പര്‍. പരിക്കേറ്റ ശ്രേയസ് അയ്യര്‍, ജസ്‌പ്രീത് ബുംറ എന്നിവരേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് പ്രധാന ഓള്‍റൗണ്ടര്‍മാര്‍. ശാര്‍ദുല്‍ താക്കൂര്‍ പേസ് ബൗളിങ് ഓള്‍റൗണ്ടറായും ടീമിലിടം നേടിയിട്ടുണ്ട്. മുഹമ്മദ് ഷമിയാണ് പേസാക്രമണത്തിന് നേതൃത്വം നല്‍കുന്നത്.