കറാച്ചി:ഏഷ്യ കപ്പ് കളിക്കാന്‍ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയയ്‌ക്കില്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെ ടൂര്‍ണമെന്‍റിന്‍റെ വേദി സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. സുരക്ഷ പ്രശ്‌നങ്ങളാലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പാകിസ്ഥാനിലേക്ക് അയയ്‌ക്കില്ലെന്ന തീരുമാനം എടുത്തതെന്ന് ബിസിസിഐ നേരത്ത തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാകിസ്ഥാനോട് ഇന്ത്യ തോല്‍ക്കുമെന്ന ഭയമുള്ളതിനാലാണ് ബിസിസിഐ ടീമിനെ അയയ്‌ക്കാതിരിക്കുന്നതെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേത്തി.
പാക് മണ്ണില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ തന്നെയാണെങ്കിലും, ഇന്ത്യ പാകിസ്ഥാനോട് തോല്‍ക്കുമെന്ന് ഭയപ്പെടുന്നുണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്നാണ് നജാം സേത്തി പറഞ്ഞത്. "ഇന്ത്യയുടെ ബ്രിഡ്‌ജ്, വോളിബോൾ, കബഡി ടീമുകൾ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. അപ്പോൾ, ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് വരുന്നതിൽ എന്താണ് പ്രശ്‌നം?.
എനിക്ക് തോന്നുന്നത് പാക് മണ്ണിലും അല്ലെങ്കില്‍ ഇന്ത്യയിലാണെങ്കില്‍പ്പോലും, ഇന്ത്യ പാകിസ്ഥാനോട് തോൽക്കുമെന്ന് ഭയപ്പെടുന്നുവെന്നാണ്". ഇന്ത്യയിലെ ഒരു ദേശീയ മാധ്യമത്തോടാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഇക്കാര്യം പറഞ്ഞത്.
ഏഷ്യ കപ്പിന് പിന്നാലെ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം അഹമ്മദാബാദിൽ നടക്കുമെന്ന റിപ്പോർട്ടുകളോടും സേത്തി പ്രതികരിച്ചു. "ഇക്കാര്യം കേട്ടപ്പോള്‍ തന്നെ, പുഞ്ചിരിച്ചുകൊണ്ട് ഞാന്‍ എന്നോട് തന്നെ പറഞ്ഞത് ഇതാണ്. ‘ഞങ്ങൾ ഇന്ത്യയിലേക്ക് വരുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഒരു മാർഗമാണിത്’.
നിങ്ങൾ ചെന്നൈയെയോ കൊൽക്കത്തയെയോ പറഞ്ഞിരുന്നെങ്കിൽ, അതിന് പിന്നില്‍ ഒരു യുക്തി ഉണ്ടാവുമായിരുന്നു", എന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ പറഞ്ഞത്. ഒരു നഗരമെന്ന നിലയിൽ അഹമ്മദാബാദിന് പാകിസ്ഥാൻ ടീമിന് സുരക്ഷ വെല്ലുവിളികൾ ഉയർത്താൻ കഴിയുമെന്നും നജാം സേത്തി പറഞ്ഞു.